കുട്ടനാട് സീറ്റ്; ഇടത് സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ എൻസിപി യോഗം ഇന്ന്

കുട്ടനാട്ടിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ എൻസിപി നേതൃയോഗങ്ങൾ ഇന്ന് ചേരും. തിരുവനന്തപുരത്തെ സംസ്ഥാന സമിതി ഓഫീസിൽ വൈകിട്ട് മൂന്ന് മുതലാണ് യോഗം. സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി മാത്യു, ദേശീയ സെക്രട്ടറി ജോസ് മോൻ, തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് എന്നീ പേരുകളാണ് പരിഗണനയിൽ.

Read Also: കുട്ടനാട് സീറ്റ്; യുഡിഎഫ്- കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഉഭയകക്ഷി ചർച്ച നടത്തുന്നു

തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന കുട്ടനാട് സീറ്റ് എൻ സി പി ക്കു തന്നെ നൽകാൻ ഇടതുമുന്നണി തീരുമാനിച്ചിരുന്നു. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിന്റെ രംഗപ്രവേശമാണ് പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. തോമസ് ചാണ്ടിയുടെ പിൻതുടർച്ച അവകാശപ്പെട്ട് കുടുംബം രംഗത്തെത്തി. യുഡിഎഫിലെ പടല പിണക്കങ്ങൾ അനുകൂല സാഹചര്യമൊരുക്കുമെന്ന വിശ്വാസം സ്ഥാനാർത്ഥിയാകാൻ താത്പര്യപ്പെടുന്ന ആളുകളുടെ എണ്ണം വർധിപ്പിച്ചു.

സീറ്റ് കുടുംബ സ്വത്ത് അല്ലെന്ന നിലപാടുമായാണ് മറ്റൊരു വിഭാഗത്തിന്റെ രംഗപ്രവേശം. സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി മാത്യുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടാണ് ഈ വിഭാഗത്തിന്. തോമസ് ചാണ്ടിയുമായും മണ്ഡലവുമായുമുള്ള അടുത്ത ബന്ധം വോട്ടായി മാറുമെന്നും ഇവർ കരുതുന്നു. ദേശീയ സെക്രട്ടറി ജോസ് മോന്റെ പേരും സജീവ പരിഗണനയിലുണ്ട്. വൈകിട്ട് മൂന്നിന് സംസ്ഥാന ഭാരവാഹി യോഗവും അഞ്ചിന് തെരഞ്ഞെടുപ്പ് കമ്മറ്റിയുമാണ് ചേരുക. ഭാരവാഹി യോഗത്തിൽ സമവായമുണ്ടായാൽ ഇന്ന് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും. സമവായമുണ്ടായ ശേഷം ഒറ്റപ്പേര് അറിയിച്ചാൽ മതിയെന്ന നിർദേശമാണ് കേന്ദ്ര നേതൃത്വവും നൽകിയിട്ടുള്ളത്.

 

kuttanad by election

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top