ഡല്‍ഹി കലാപം; ഇന്ത്യന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് എംപിമാര്‍

ഡല്‍ഹി കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് പാര്‍ലമെന്റ്. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണില്‍ ലേബര്‍ പാര്‍ട്ടി, എസ്എന്‍പി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരാണ് ഇന്ത്യയിലെ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
പൗരത്വ നിയമ ഭേദഗതിയെയും ബ്രിട്ടീഷ് എംപിമാര്‍ കുറ്റപ്പെടുത്തി.

ഡല്‍ഹി കലാപത്തില്‍ ആദ്യമായാണ് ഒരു വിദേശ രാജ്യം നിലപാട് വ്യക്തമാക്കുന്നത്. സര്‍ക്കാരിനെയും പൊലീസിനെയും ഒരുപോലെ വിമര്‍ശിച്ച ബ്രിട്ടീഷ് എംപിമാരുടെ നിലപാട് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.

നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കെട്ടിപ്പിടിച്ചത് വ്യാപാര കരാറുകള്‍ക്ക് വേണ്ടി മാത്രമാണെന്ന് എസ്എന്‍പി എംപി ഡേവിഡ് ലിന്‍ഡന്‍ പറഞ്ഞു. ലോക രാജ്യ തലവന്മാര്‍ എത്തുമ്പോള്‍ മനുഷ്യാവകാശത്തെ അവഗണിക്കരുതെന്ന് ജൂനിയര്‍ മന്ത്രി നിഗെല്‍ ആഡംസ് പറഞ്ഞു. മനുഷ്യാവകാശമാണ് ബ്രിട്ടന്റെ വിദേശ നയത്തിന്റെയും കാതലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് വ്യക്തമാക്കി. മനുഷ്യാവകാശമില്ലാത്ത വ്യാപാര ബന്ധങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമമാണെന്നാണ് ലേബര്‍ പാര്‍ട്ടി എംപിമാര്‍ പറഞ്ഞു. പൊലീസ് ഒത്താശയോടെയാണ് ഡല്‍ഹി കലാപം നടന്നതെന്ന ബിബിസി റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ് ലേബര്‍ പാര്‍ട്ടി എംപിമാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. കലാപത്തില്‍ പൊലീസിന്റെ പങ്ക് വ്യക്തമാണെന്ന് മിര്‍പുരില്‍ ജനിച്ച ബ്രിട്ടീഷ് എംപി മുഹമ്മദ് യാസീന്‍ കുറ്റപ്പെടുത്തി.

പൗരത്വ നിയമത്തിനെതിരെ സുപ്രിംകോടതിയില്‍ യുഎന്‍ മനുഷ്യാവകാശ സംഘടനാ മേധാവി ഹര്‍ജി നല്‍കിയ സാഹച്ചര്യത്തില്‍ ബ്രിട്ടീഷ് എംപിമാരുടെ നിലപാട് ഇന്ത്യന്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. സമാനമായി മറ്റ് രാജ്യങ്ങളും വിഷയത്തില്‍ നിലപാട് കടുപ്പിച്ചാല്‍ ഐക്യരാഷ്ട്ര സഭയിലടക്കം ഇന്ത്യ സര്‍ക്കാരിന് തലവേദനയാവും.

 

Story Highlights- delhi riots, British MPs, criticize Indian government
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top