ഓപ്പറേഷൻ കമല; സർക്കാരിനെ നിലനിർത്താനുള്ള കോൺഗ്രസ് ശ്രമങ്ങൾ തുടരുന്നു

മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ നിലനിർത്താനുള്ള കോൺഗ്രസ് ശ്രമങ്ങൾ തുടരുന്നു. സർക്കാരിനൊപ്പമുള്ള എട്ട് എംഎൽഎമാർ ഡൽഹി – ഹരിയാന അതിർത്തിയിലുള്ള ഗുരുഗ്രാമിലെ റിസോർട്ടിലെത്തിയതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്. നാല് കോൺഗ്രസ് എംഎൽഎമാരും നാല് സ്വതന്ത്രരുമാണ് റിസോർട്ടിൽ കഴിയുന്നത്. ബിജെപിയും ഭൂമാഫിയയും ചേർന്ന് തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കമൽനാഥ് കുറ്റപ്പെടുത്തി.

Read Also: മധ്യപ്രദേശിൽ ‘ഓപ്പറേഷൻ കമല’? എട്ട് എംഎൽഎമാർ ഗുരുഗ്രാമിലെ റിസോർട്ടിൽ

ഏതാനും ആഴ്ചകളായി പോർമുഖം തുറന്ന് മല്ലടിക്കുകയായിരുന്നു മധ്യപ്രദേശ് കോൺഗ്രസ് ഘടകം. ജ്യോതിരാജ സിന്ധ്യ-കമൽനാഥ് പോര് നിരത്തിലേക്ക് എത്തുകയും ചെയ്തു. ഇതിനിടെയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി എട്ട് എംഎൽഎമാർ മറുകണ്ടം ചാടിയത്. ഹരിയാനയിലെ മാനേസറിലെ ഹോട്ടലിൽ എത്തിയ എംഎൽഎമാർക്ക് പിന്നിൽ ബിജെപി നേതാക്കൾ ഉണ്ടെന്ന് രാവിലെയോടെ കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചു. എട്ടിൽ അഞ്ച് എംഎൽഎമാരെ ഇപ്പോൾ ബംഗളൂരുവിലേക്ക് മാറ്റിയിട്ടുണ്ട്. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയും ഭൂമാഫിയയും ശ്രമിക്കുകയാണെന്നും ആ ശ്രമം വിജയിക്കില്ലെന്നും കമൽനാഥ് പ്രതികരിച്ചു.

നരോട്ടം മിശ്രയുടെ നേത്യത്വത്തിലാണ് ബിജെപിയുടെ കരുനീക്കങ്ങൾ. 230 അംഗ സഭയിൽ കോൺഗ്രസിന് 114ഉം ബിജെപിക്ക് 107ഉം അംഗങ്ങളാണ് ഉള്ളത്. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒരു എംഎൽഎയും നാല് സ്വതന്ത്രരും കോൺഗ്രസിന് പിന്തുണ നൽകിയിരുന്നു. രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ വർഷം ക്രിമിനൽ നിയമം ഭേദഗതി ചെയ്തുകൊണ്ട് മധ്യപ്രദേശ് നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ രണ്ട് ബിജെപി എംഎൽഎമാർ കോൺഗ്രസിനെ പിന്തുണച്ചുകൊണ്ട് വോട്ട് ചെയ്തിരുന്നു. അതേസമയം, സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തരായ എംഎൽഎമാർ വരും ദിവസങ്ങളിലും രംഗത്ത് എത്തുമെന്ന് ബിജെപി പ്രതികരിച്ചു.

 

congress, madhya pradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top