ഡൽഹി കലാപം; അമിത് ഷായുടെ രാജി ആവശ്യപ്പെടാൻ പ്രതിപക്ഷം; പാർലമെന്റ് പ്രക്ഷുബ്ധമാകും

ഡൽഹി കലാപ വിഷയത്തിൽ തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്റ് നടപടികൾ തടസപ്പെടുത്താൻ പ്രതിപക്ഷ തീരുമാനം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജിയാവശ്യപ്പെട്ടാകും പ്രതിപക്ഷ പ്രതിഷേധം. ഡൽഹി കലാപം പാർലമെന്റിനെ ഇന്നും പ്രക്ഷുബ്ധമാക്കും.
അടിയന്തര ചർച്ച ആവശ്യപ്പെട്ടാകും ഇരു സഭകളിലും പ്രതിപക്ഷം രംഗത്തെത്തുക. അമിത് ഷായുടെ രാജി കോൺഗ്രസ് ആവശ്യപ്പെടും. ഇതിനകം തന്നെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഡൽഹി വിഷയത്തിൽ ഇന്നലത്തേതിന് സമാനമായി അടിയന്തര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്ന പക്ഷം സഭാ നടപടികൾ സ്തംഭിപ്പിക്കാനാകും പ്രതിപക്ഷം തയ്യാറാവുക. ഇന്നലെയും സഭാ നടപടികൾ സ്തംഭിപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം കയ്യാങ്കളിയിൽ എത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള അംഗം രമ്യാ ഹരിദാസ് തന്നെ വീണ്ടും ബിജെപി വനിതാ എംപിമാർ മർദിച്ചതായി പരാതിപ്പെട്ടു.
അതേസമയം ഡൽഹി കലാപ വിഷയത്തിൽ പാർലമെന്റ് സ്തംഭനം ഒഴിവാക്കാൻ പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി സർക്കാർ നിലപാട് ആഭ്യന്തരമന്ത്രി ഇന്ന് ഇരു സഭകളിലും വ്യക്തമാക്കും എന്നാണ് സൂചന. പാർലമെന്റ് സ്തംഭനം വരും ദിവസങ്ങളിൽ ഉണ്ടാകും എന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഇരുസഭാധ്യക്ഷന്മാരും കക്ഷിനേതാക്കളുമായി അനൗപചാരിക പ്രശ്‌നപരിഹാര ചർച്ചകൾ രണ്ട് സഭാധ്യക്ഷന്മാരും ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here