ഷെയ്ൻ നിഗം പ്രശ്‌നം പരിഹാരത്തിലേക്ക്; 32 ലക്ഷം രൂപ ഷെയ്ൻ നൽകണം

യുവ നടൻ ഷെയ്ൻ നിഗം വിവാദം പ്രശ്‌ന പരിഹാരത്തിലേക്ക്. ഷെയിനും നിർമാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കാൻ നഷ്ട പരിഹാരം നൽകാൻ അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിൽ ധാരണയായി. വെയിൽ, കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് മുപ്പത്തിരണ്ട് ലക്ഷം രൂപ നൽകും. രണ്ടുദിവസത്തിനകം നിർമാതാക്കളുമായി ചർച്ച നടത്തും.

ഒടുവിൽ ഏറെക്കാലമായി തുടരുന്ന ഷെയ്ൻ നിഗം വിവാദത്തിന് തിരശീല വീഴുകയാണ്. നഷ്ടപരിഹാരം നൽകി പ്രശ്‌നം പരിഹരിക്കാൻ മോഹൻലാലിന്റെ നേതൃത്വത്തിൽ ചേർന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. നിർമാതാക്കൾ ആവശ്യപ്പെട്ടത് ഒരുകോടി രൂപയായിരുന്നു. എന്നാൽ, ഷൂട്ടിംഗ് തടസപ്പെട്ട വെയിൽ, കുർബാനി എന്നീ സിനിമകളുടെ നിർമാതാക്കൾക്ക് 32ലക്ഷം രൂപ നൽകാമെന്ന് ഒടുവിൽ ധാരണയാവുകയായിരുന്നു. പ്രശ്‌നം നല്ല രീതിയിൽ അവസാനിക്കുമെന്ന് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹൻലാൽ പറഞ്ഞു.

വിഷയത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് അമ്മ സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. അമ്മ യോഗത്തിനിടെ ഭാരവാഹികൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേതൃത്വവുമായി ഫോണിൽ സംസാരിച്ചു. എതിർപ്പില്ലെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചിട്ടുണ്ട്. നിർമാതാക്കളുമായി താരസംഘടന ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നതോടെയാകും ഷെയ്ൻ വിവാദത്തിന് തിരശീല വീഴുക. ഇതിന് പിന്നാലെ ഫിലിം ചേംബറും ഷെയിനിനെതിരായ വിലക്ക് നീക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top