തെറ്റ് തിരുത്താൻ അപേക്ഷ നൽകി; ലഭിച്ചത് പട്ടിയുടെ ചിത്രമുള്ള വോട്ടർ ഐഡി കാർഡ്

തെറ്റ് തിരുത്താൻ നൽകിയ വോട്ടർ ഐഡി കാർഡ് തിരികെ ലഭിച്ചത് പട്ടിയുടെ ചിത്രവുമായി. ബംഗാൾ സ്വദേശിയായ സുനില്‍ കര്‍മാക്കറിനാണ് ഇത്തരത്തിൽ ദുരവസ്ഥയുണ്ടായത്.

ബംഗാൾ മുർഷിദാബാദിലെ രാംനഗര്‍ സ്വദേശിയായ സുനില്‍കുമാര്‍ തൻ്റെ ഐഡി കാർഡിലെ തെറ്റ് തിരുത്താനായി അപേക്ഷ നൽകി. കുറച്ച് ദിവസങ്ങൾക്ക് ശേഷം തെറ്റ് തിരുത്തിയ കാർഡ് നൽകാനായി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ നിന്ന് സുനിലിനെ വിളിപ്പിച്ചു. ഐഡി വാങ്ങാനെത്തിയ സുനിലിനു ലഭിച്ചത് തൻ്റെ ചിത്രത്തിനു പകരം പട്ടിയുടെ ചിത്രം അടിച്ചു വന്ന കാർഡാണ്.

‘കഴിഞ്ഞ ദിവസം എന്നെ ദുലാൽ സ്മ്രിതി സ്കൂളിലേക്ക് വിളിച്ച് ഈ ഐഡി നൽകി. ഞാൻ ചിത്രം കണ്ടു. കാർഡ് നൽകുമ്പോൾ ഓഫീസർ ചിത്രം ശ്രദ്ധിച്ചില്ല. വെറുതെ ഒപ്പിട്ട് നൽകുകയായിരുന്നു. എൻ്റെ അഭിമാനം വെച്ചുള്ള കളിയാണിത്. വിഷയത്തിൽ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ പരാതി നൽകും.’- സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ ഇത് അന്തിമ വോട്ടർ ഐഡി അല്ലെന്നാണ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ പറയുന്നത്. ‘തെറ്റുണ്ടായിട്ടുണ്ടെങ്കിൽ തിരുത്തും. പട്ടിയുടെ ചിത്രം കാർഡിൽ വന്നത് ഓൺലൈൻ അപേക്ഷ നൽകുമ്പോൾ പറ്റിയ തെറ്റായിരിക്കാനാണ് സാധ്യത. ആ ചിത്രം മാറ്റിയിട്ടുണ്ട്. ഉടൻ തന്നെ പുതിയ ഐഡി കാർഡ് അദ്ദേഹത്തിന് നൽകും’- അദ്ദേഹം പറഞ്ഞു.

Story Highlights: Bengal man issued voter ID with dog’s photo on it

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top