ഡൽഹി കലാപം മറ്റ് അജണ്ടകൾ ഉപേക്ഷിച്ച് ചർച്ച ചെയ്യണം; പാർലമെന്റിൽ ഇന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസ്

പാർലമെന്റിൽ ഇന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസ്. ഡൽഹി കലാപം മറ്റ് അജണ്ടകൾ ഉപേക്ഷിച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം. കോൺഗ്രസ്സ് അടക്കമുള്ള എല്ലാ പാർട്ടികളും നോട്ടിസ് നൽകിയിട്ടുണ്ട്. ചർച്ചയില്ലെങ്കിൽ സഭയിൽ ഇന്നും പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഇതോടെ തുടർച്ചയായ നാലാം ദിവസവും പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാകും .

ഇരു സഭകളിലും നൽകിയിട്ടുള്ള അടിയന്തിര പ്രമേയ നോട്ടിസ് അംഗികരിച്ച് വിഷയം പരിഗണിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. അല്ലാത്തപക്ഷം സഭയിൽ പ്രതിഷേധവുമായി മുന്നോട്ട് പോകും എന്ന് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി. ഇന്നലെ രാത്രി, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വിവിധ പ്രതിപക്ഷ കക്ഷികളുമായി സഹമന്ത്രിയായ മുരളിധരനോടോപ്പം സഭാ സ്തംഭനം ഒഴിവാക്കുന്ന വിഷയം ചർച്ച ചെയ്തിരുന്നു. 11 നും 12 നും ചർച്ച നടത്താൻ നിർദ്ദേശിച്ചതിന്റെ യുക്തി വിവരിക്കാനാണ് ഇരുവരും ശ്രമിച്ചത്. എന്നാൽ കോൺഗ്രസ്സും ഇടതുപക്ഷ പാർട്ടികളും അടക്കം ആരും ഇതിന് വഴങ്ങിയില്ല. അടിയന്തിര പ്രമേയം അംഗികരിക്കണം എന്നും ചർച്ചയ്ക്ക് തയ്യറാകണം എന്നും ആയിരുന്നു പ്രതിപക്ഷ ആവശ്യം.

അതേസമയം ഡൽഹി കലാപവിഷയത്തിൽ ഇന്നും ആഭ്യന്തര മന്ത്രി അമിത് ഷാ സഭകളിൽ പ്രസ്താവന നടത്തിയേക്കില്ല എന്നാണ് സൂചന . ഇപ്പോഴത്തെ സാഹചര്യം കഴിഞ്ഞ ദിവസത്തേതിന് സമാനമാണ്. അതുകൊണ്ട് തന്നെ സഭാ നടപടികൾ ഇന്നും പ്രക്ഷുബ്ധമാകും. നിയമ നിർമ്മാണ അജണ്ടകൾ നടക്കാനും സാധ്യതയില്ല.

Story Highlights: Delhi riots parliement discussion

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top