Advertisement

പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരമില്ലാതെ

March 5, 2020
Google News 0 minutes Read

ചങ്ങനാശേരി പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിന് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരമില്ലെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ട്. ആശുപത്രിയുടെ പ്രവർത്തനം പഴയ ലൈസൻസ് പ്രദർശിപ്പിച്ചെന്നാണ് കണ്ടെത്തൽ. മുപ്പത്തിമൂന്ന് മരണങ്ങളിൽ വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് കോട്ടയം ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. ആശുപത്രിക്കെതിരായ ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ ഇന്ന് തീരുമാനമുണ്ടാകും.

2016 മെന്റൽ ഹെൽത്ത് അതോറിറ്റി നൽകിയ അനുമതി പരാതികളെ തുടർന്ന് കഴിഞ്ഞ വർഷമാണ് റദ്ദാക്കിയത്. നിലവിൽ പഴയ അനുമതിയുടെ പകർപ്പ് പ്രദർശിപ്പിച്ചാണ് ആശുപത്രിയുടെ പ്രവർത്തനമെന്ന് എഡിഎം ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഇല്ലാത്ത ആശുപത്രിയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതും, അന്തേവാസികളെ താമസിപ്പിക്കുന്നതും. കഴിഞ്ഞ എട്ടു വർഷത്തിനിടെ ഉണ്ടായ 33 മരണങ്ങൾ ചികിത്സാപ്പിഴവ് മൂലമാണോ എന്ന് പരിശോധിക്കാൻ ഡ്രഗ്കൺട്രോളറുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം സ്ഥാപനത്തിന് എതിരായ നടപടികളിൽ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഇന്നുണ്ടായേക്കും.

മുമ്പ് മരിച്ച അന്തേവാസികളുടെ ബന്ധുക്കൾ കൂടുതൽ ആരോപണങ്ങളുമായി രംഗത്തുവന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്താകും തുടരന്വേഷണം. ഏറ്റവുമൊടുവിൽ മരിച്ച ജേക്കബ് യൂഹനോന്റെ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ഇതുവരെ ലഭ്യമായിട്ടില്ല. ഇതിനിടെ പുതുജീവൻ ഡയറക്ടർ വി.സി ജോസഫിനോട് തിങ്കളാഴ്ച തെളിവെടുപ്പിന് ഹാജരാകണമെന്ന് പായിപ്പാട് പഞ്ചായത്ത് നിർദേശം നൽകി. സ്ഥാപനം അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ പായിപ്പാട് പഞ്ചായത്ത് അധികൃതർ നിയമോപദേശം തേടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here