Advertisement

കുഞ്ഞിക്കാല് കാണാൻ ഭാഗ്യമില്ലാതെ പോയോ? വിഷമിക്കേണ്ട; ദത്തെടുക്കാം നമുക്ക്

March 5, 2020
Google News 2 minutes Read

കുട്ടികളെ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. കുഞ്ഞ് ഇണക്കങ്ങളും പിണക്കങ്ങളും കുസൃതികളും കൊഞ്ചലുകളുമൊക്കെ കുട്ടികളുള്ള വീടിന് ഒരു അലങ്കാരമാണ്. എന്നാൽ, അതിനു കഴിയാതെ പോകുന്ന എത്രയോ പേരുണ്ട് നമുക്കിടയിൽ! വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിൽ വിഷമതകൾ അനുഭവിക്കുന്നവർ നിരവധിയാണ്.

വർഷങ്ങളോളം ചികിത്സ തേടിയിട്ടും സ്വന്തം രക്തത്തിലുള്ള കുഞ്ഞ് എന്നത് വിദൂരതയിലുള്ള സ്വപ്‌നമായി പല ദമ്പതികൾക്കിടയിലും അവശേഷിക്കുന്നു. ഈ സാഹചര്യത്തിലാണ് പലപ്പോഴും കുട്ടിയെ ദത്തെടുക്കാം എന്ന ആശയത്തിലേക്ക് പലരും എത്തുന്നത്.

എന്നാൽ, ദത്തെടുക്കലുമായി ബന്ധപ്പെട്ട് നിരവധി തെറ്റ് ധാരണകളാണ് നമുക്കിടയിൽ നിലനിൽക്കുന്നത്. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമവിരുദ്ധ പ്രവർത്തനങ്ങളും നിലനിൽക്കുന്നു. വായിച്ചും പറഞ്ഞും കേട്ട കാര്യങ്ങളാണ് നിങ്ങളെ അത്തരത്തിൽ ആശങ്കാകുലരാക്കുന്നത്.

ആശങ്കകളും സംശയങ്ങളൊന്നുമില്ലാതെ, രാജ്യത്തെ നിയമനുസരിച്ച് തന്നെ കുട്ടികളെ ദത്തെടുക്കാൻ നിങ്ങൾക്ക് കഴിയും. നിയമാനുസൃതം പ്രവർത്തിക്കുമ്പോൾ
നിങ്ങളുടെ കുടുംബ ജീവിതം കൂടുതൽ ആഹ്ലാദകരമാവുകയേയുള്ളൂ. നിലവിൽ ഇന്ത്യയിൽ ദത്തെടുക്കൽ പ്രക്രിയ നടക്കുന്നത് സെൻട്രൻ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയാണ്.

ദത്തെടുക്കൽ

നമ്മുടെ രാജ്യത്ത് ദത്തെടുക്കൽ നിയമവിധേയമായ പ്രക്രിയയാണ്. ജുവനൈൽ ജസ്റ്റീസ് ആക്ട് ആണ് ദത്ത് എടുക്കലുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. ഈ നിയമ പരിധിയിൽ നിന്നുകൊണ്ട് മാത്രമേ ചട്ടവിരുദ്ധമല്ലാത്ത ദത്തെടുക്കലിന് സാധിക്കുകയുമുള്ളൂ. ദത്തെടുക്കൽ എങ്ങനെയായിരിക്കണം, എന്തൊക്കെ കാര്യങ്ങൾ പാലിക്കണം എന്നൊക്കെ 2016 ലെ കേന്ദ്ര ബാലനീതി ചട്ടത്തിലും 2017 ദത്തെടുക്കൽ മാർഗരേഖയിലും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അതുപോലെ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയ്ന്റനൻസ് ആക്ടും ദത്തെടുക്കലിന് നിങ്ങളെ സഹായിക്കും.

കുട്ടിയെ ദത്ത് എടുക്കാൻ തീരുമാനിക്കുമ്പോൾ അതിന് നിങ്ങൾ യോഗ്യരാണോ എന്നു കൂടി നിയമം പരിശോധിക്കുന്നുണ്ട്. ഏതൊരാൾക്കും വിചാരിക്കുന്നതുപോലെ കുട്ടികളെ സ്വന്തമാക്കാമെന്നു ധരിക്കരുത്. ദത്തെടുക്കാൻ ആഗ്രഹിക്കുന്ന രക്ഷകർത്താക്കൾ ശാരീരികമോ മാനസികമോ വൈകാരികമോ ആയ പ്രയാസങ്ങൾ അനുഭവിക്കുന്നവർ ആയിരിക്കരുതെന്ന് നിയമം അനുശാസിക്കുന്നു.  അതുപോലെ, സാമ്പത്തിക പ്രതിസന്ധി അലട്ടുന്നവരാണെങ്കിലും ദത്തെടുക്കലിന്  അയോഗ്യരാക്കപ്പെടാം. നിങ്ങൾ വിവാഹിതരല്ല എന്നത് ദത്തെടുക്കലിന് തടസമല്ലെന്നതും മനസിലാക്കുക. അവിവാഹിതയായ ഒരു സ്ത്രീയാണ് ദത്തെടുക്കലിന് സന്നദ്ധത പ്രകടിപ്പിക്കുന്നതെങ്കിൽ ആൺകുട്ടിയെയോ പെൺകുട്ടിയെയോ സ്വന്തമാക്കാൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ, അവിവാഹിതനായ പുരുഷനാണെങ്കിൽ ആൺകുട്ടിയെ മാത്രം ദത്തെടുക്കാനെ നിയമപ്രകാരം സാധ്യമാകൂ. രണ്ടുവർഷത്തിൽ കുറയാതെ  വിവാഹബന്ധം പുലർത്തുന്ന ദമ്പതികൾക്കും ദത്തെടുക്കലിന് അവകാശമുണ്ട്. ഒരു പ്രധാനകാര്യം കൂടി ശ്രദ്ധയിൽ വച്ചോളൂ, നിങ്ങൾക്ക് സ്വന്തമായി രണ്ട് കുട്ടികൾ ഉണ്ടെന്നിരിക്കെ ഇനിയുമൊരു കുട്ടിയെ ദത്തെടുക്കാൻ കൂടി ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിയമം നിങ്ങളെ അതിന് അനുവദിക്കുന്നുണ്ട്.

പ്രായം ഒരു പ്രധാന ഘടകം

പ്രായത്തിന്റെ കാര്യത്തിൽ നിയമം ചില നിബന്ധനകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ദത്തെടുക്കലിന് തയാറാകുന്ന രക്ഷകർത്താക്കളുടെ രണ്ടുപേരുടെയും പ്രായം കൂട്ടിയാൽ പരമാവധി 110 വയസിനു മുകളിൽ പോകരുത്. ഒരാളുടെ പ്രായം പരിഗണിച്ചാൽ 55 വയസിനു മുകളിൽ ആകരുത്.

പ്രായവുമായി ബന്ധപ്പെട്ട് വിശദമായി പറയുകയാണെങ്കിൽ നവജാത ശിശു മുതൽ നാല് വയസ് വരെ പ്രായമുള്ള കുട്ടിയെ ആണ് ദത്തെടുക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ വ്യക്തപരമായി നിങ്ങളുടെ പ്രായം 45 വയസിനു മുകളിൽ ആകരുത്, ദമ്പതികളുടെ പ്രായം ഒരുമിച്ച് പരിഗണിച്ചാൽ 90 നു മുകളിലും പോകരുത്. നാലു മുതൽ എട്ടു വയസുവരെ പ്രായമുള്ള കുട്ടികളെയാണ് ദത്തെടുക്കുന്നതെങ്കിൽ വ്യക്തിപരമായ പ്രായം 50 വയസിനും ദമ്പതികളുടെ പ്രായം 100 വയസിനും മുകളിൽ ആയിരിക്കരുത്. എട്ടു മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളുടെ പ്രായം യഥാക്രമം 55 ഉം 110 ഉം ആയിരിക്കണം.

ദത്തെടുക്കലിന്റെ നിയമവശം

വെറും കയ്യോടെ പോയി കുട്ടിയെ ദത്തെടുത്ത് കൊണ്ടുവരാമെന്നുള്ള തെറ്റിദ്ധാരണകളും ഒഴിവാക്കുക. നിയമം ആവശ്യപ്പെടുന്ന രേഖകൾ സമർപ്പിക്കേണ്ടി വരും. ആദ്യമായി നിങ്ങളുടെ ഫോട്ടോ, പാൻ കാർഡ്, ജനന സർട്ടിഫിക്കറ്റോ ജനന തീയതി തെളിയിക്കുന്ന മറ്റ് രേഖകളോ, മേൽവിലാസം തെളിയിക്കുന്നതിനായി ആധാർ, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും, വരുമാന സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, തദ്ദേശഭരണ സ്ഥാപനത്തിൽ നിന്ന്‌ ലഭിച്ച വിവാഹ സർട്ടിഫിക്കറ്റ്, വിവാഹമോചിതരാണെങ്കിൽ അത് തെളിയിക്കുന്ന വിവാഹമോചന സർട്ടിഫിക്കറ്റ്, പങ്കാളി മരിച്ചു പോയതാണെങ്കിൽ മരണ സർട്ടിഫിക്കറ്റ്, രണ്ട് റഫറൻസ് ലെറ്റർ, ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്കോ, വ്യക്തിക്കോ അഞ്ചു വയസിനു മുകളിൽ പ്രായമുള്ള കുട്ടിയുണ്ടെങ്കിൽ ആ കുട്ടിയുടെ സമ്മതപത്രം.

ഇത്രയും രേഖകൾ ഹാജരാക്കേണ്ടതായി വരുംവിദേശ രാജ്യങ്ങളിൽ താമസിക്കുന്നവർക്കും ദത്തെടുക്കലിന് അവകാശമുണ്ട്. അതിനുവേണ്ടി നിങ്ങൾ താമസിക്കുന്ന രാജ്യങ്ങളിലെ അംഗീകൃത അഡോപ്ഷൻ ഏജൻസികൾ വഴി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ മതി.

രജിസ്‌ട്രേൻ നടപടികൾ

ദത്തെടുക്കലിന് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണം. ഓൺലൈൻ വഴി ഇത് സാധ്യമാകും. www.cara.nic.in എന്ന വെബ്സൈറ്റിൽ  PARENT എന്ന ലിങ്ക് മുഖേന രജിസ്ട്രേഷൻ നടത്താം. നിങ്ങൾക്കായി ഒരു യൂസർ ഐഡിയും പാസ് വേർഡും ലഭിക്കും. ഇതുപയോഗിച്ചായിരിക്കണം പിന്നീടുള്ള ഓൺലൈൻ നടപടികൾ പൂർത്തിയാക്കേണ്ടത്. രജിസ്റ്റർ ചെയ്യുമ്പോൾ കുട്ടി ഏതു ലിംഗത്തിൽ ഉള്ളതായിരിക്കണം, ഏതു സംസ്ഥാനത്ത് ഉള്ളതായിരിക്കണം എന്നീ കാര്യങ്ങൾ രേഖപ്പെടുത്താൻ വിട്ടുപോകരുത്. ഇന്ത്യയിലെ ഏതു സംസ്ഥാനത്തുള്ള കുട്ടിയേയും ദത്തെടുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ദത്ത് ആഗ്രഹിക്കുന്ന രക്ഷകർത്താക്കളുടെ/ വ്യക്തിയുടെ കുടുംബ, സാമ്പത്തിക, സാമൂഹിക അവസ്ഥകൾ വിലയിരുത്തുന്നതിനായി ഹോം സ്റ്റഡി നടത്താറുണ്ട്. ഇതിനായി രജിസ്ട്രേഷൻ സമയത്ത് തന്നെ ഹോം സ്റ്റഡി നടത്താനുള്ള അംഗീകൃത അഡോപ്ഷൻ ഏജൻസിയെ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. നിലവിൽ സംസ്ഥാനത്ത് 19 സ്പെഷ്യലൈസ്ഡ് അഡോപ്ഷൻ എജൻസികൾ പ്രവർത്തിക്കുന്നുണ്ട്. നിങ്ങളുടെ സൗകര്യാർത്ഥം അതിലൊന്ന് തെരഞ്ഞെടുക്കാം.

രജിസ്ട്രേഷൻ പൂർത്തിയായി 30 ദിവസത്തിനുള്ളിൽ തന്നെ ആവശ്യമായി പറഞ്ഞിരിക്കുന്ന രേഖകളെല്ലാം തന്നെ നിങ്ങളുടെ രജിസ്ട്രേഷൻ അക്കൗണ്ടിൽ അപ് ലോഡ് ചെയ്തിരിക്കണം. ഇത് നിർബന്ധമാണ്, അല്ലെങ്കിൽ രജിസ്ട്രേഷൻ അസാധുവാക്കപ്പെടും. രേഖകൾ അപ് ലോഡ് ചെയ്ത് മുപ്പത് ദിവസത്തിനകം തന്നെ സ്പെഷ്യലൈസ്ഡ് അഡോപ്ഷൻ ഏജൻസി നിയോഗിക്കുന്ന സോഷ്യൽ വർക്കർ ഈ രേഖകൾ പരിശോധിച്ച് ഹോം സ്റ്റഡി നടത്തി അതിന്റെ റിപ്പോർട്ട് വെബ്സൈറ്റിൽ തന്നെ അപ് ലോഡ് ചെയ്യും. ഈ രേഖകൾ പരിശോധിച്ചാണ് അപേക്ഷകർ ദത്തെടുക്കലിന് യോഗ്യരാണോ എന്നു തീരുമാനിക്കുന്നത്. രജിസ്ട്രേഷൻ നടപടികളുടെ പൂർത്തീകരണം അടിസ്ഥാനമാക്കിയായിരിക്കും ദത്തെടുക്കലിനുള്ള നിങ്ങളുടെ സീനിയോരിറ്റി കണക്കാക്കുന്നത്.

സീനിയോരിറ്റി

സീനിയോരിറ്റിയെ കുറിച്ച് പറയുമ്പോൾ ഒരു കാര്യം കൂടി അറിയേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് കുട്ടികളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെങ്കിലും ദത്തെടുക്കലിന് അർഹരായ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. അതുകൊണ്ട് തന്നെ അപേക്ഷിച്ച്  രണ്ടു വർഷം വരെയെങ്കിലും  കാത്തിരിക്കേണ്ടതായി വരും. കാലദൈർഘ്യം അതിലും കൂടാതിരിക്കാൻ വേണ്ടിയാണ് രജിസ്ട്രേഷന് ആവശ്യമായ രേഖകൾ എല്ലാം കൃത്യസമയത്ത് കാലതാമസം കൂടാതെ സമർപ്പിക്കാൻ പറയുന്നത്. രജിസ്ട്രേഷന് നടപടികൾ പൂർത്തിയാക്കാൻ ഓരോ ജില്ലകളിലും പ്രവർത്തിക്കുന്ന ജില്ല ചൈൽഡ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ സഹായം തേടാം.

നിങ്ങൾ ദത്തെടുക്കലിന് യോഗ്യരാണെങ്കിൽ പരമാവധി മൂന്നു കുട്ടികളുടെ ഫോട്ടോ ചൈൽഡ് സ്റ്റഡി റിപ്പോർട്ട്, വൈദ്യ പരിശോധനാ റിപ്പോർട്ട് എന്നിവ വെബ്സൈറ്റിലെ അക്കൗണ്ടിലൂടെ ദമ്പതികൾക്ക്/ വ്യക്തികൾക്ക് കാണാൻ അവസരം ലഭിക്കും. കുട്ടികളുടെ ഫോട്ടോകളും അവരെ സംബന്ധിച്ച രേഖകളും കണ്ടശേഷം അടുത്ത 48 മണിക്കൂറിനുള്ളിൽ തന്നെ കുട്ടിയെ റിസർവ് ചെയ്യുന്നതിനായി ഓൺലൈനിലൂടെ തന്നെ മറുപടി നൽകണം. അല്ലാത്ത പക്ഷം നിങ്ങളുടെ അവസരം നഷ്ടമാകും.

ദത്തെടുക്കുന്നവരുടെ യോഗ്യതാ പരിശോധന

കുട്ടിയുടെ മാച്ചിംഗ് പൂർത്തിയായി കഴിഞ്ഞാൽ 20 ദിവസത്തിനകം കുട്ടിയുടെ നിലവിലെ താമസസ്ഥലത്ത് അഡോപ്ഷൻ കമ്മിറ്റി ചേരും. ഈ കമ്മിറ്റിക്ക് ദത്തെടുക്കുന്നതിന് അപേക്ഷിച്ചിരിക്കുന്ന രക്ഷകർത്താക്കൾ/വ്യക്തികൾ ആയതിന് യോഗ്യരാണെന്നു ബോധ്യമാവുകയാണെങ്കിൽ കുട്ടിയെ പ്രീ അഡോപ്ഷൻ കെയർ പ്രകാരം അവർക്ക് കൈമാറും. കുട്ടിയുടെ മാച്ചിംഗ് പൂർത്തിയായി 10 ദിവസത്തിനുള്ളിൽ സ്പെഷ്യലൈസ്ഡ് അഡോപ്ഷൻ ഏജൻസി ബന്ധപ്പെട്ട കുടുംബ കോടതിയിൽ മതിയായ രേഖകൾ സമർപ്പിക്കും. ഇതിനുശേഷം രണ്ടു മാസത്തിനകം കോടതിയിൽ നിന്ന് അഡോപ്ഷൻ ഉത്തരവ് ലഭിക്കും. ഈ ഉത്തരവും രക്ഷകർത്താക്കളുടെ പേരും മേൽവിലാസവും കുട്ടിയുടെ പുതിയ പേരും ജനനസർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ളവ സ്പെഷ്യലൈസ്ഡ് ഏജൻസിയിൽ നിന്ന്
ലഭിക്കുന്നതായിരിക്കും.

പ്രത്യേകമായി ശ്രദ്ധിക്കുക, ദത്തെടുത്ത രക്ഷകർത്താക്കളുടെ/ വ്യക്തികളുടെ ഹോം സ്റ്റഡി നടത്തിയ ഏജൻസി ദത്തെടുക്കൽ നടപടികളെല്ലാം പൂർത്തിയായി കുട്ടി നിങ്ങളുടെ കൂടെ താമസിക്കാൻ തുടങ്ങിയാലും അടുത്ത ആറു മാസത്തെ ഇടവേളയിൽ രണ്ടു വർഷം കുട്ടിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചുകൊണ്ടേയിരിക്കും. കുട്ടിയുടെ ബന്ധുക്കൾക്കും കുട്ടിയെ ദത്തെടുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. മാതാവിന്റെയോ പിതാവിന്റെയോ സഹോദരീസഹോദരന്മാർക്കും, മാതാവിന്റെയോ പിതാവിന്റെയോ മാതാപിതാക്കൾക്കും ബന്ധുക്കൾ എന്ന നിലയിൽ കുട്ടിയെ ദത്തെടുക്കാം. പക്ഷേ, മേൽപ്പറഞ്ഞ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടു മാത്രം.

സാമ്പത്തിക ചെലവ്

ദത്തെടുക്കലിന് തയാറാകുമ്പോൾ നിങ്ങൾക്ക് സാമ്പത്തിക ചെലവ് വരുമോ എന്ന സംശയം ഉണ്ടാകില്ലേ?. അതേ, പണച്ചെലവ് വരും. രജിസ്ട്രേഷൻ നടപടികൾ സൗജന്യമാണെങ്കിലും അതിനുശേഷമുള്ള കാര്യങ്ങൾക്ക് ഫീസ് അടയ്‌ക്കേണ്ടതായി വരും. ഹോം സ്റ്റഡി നടത്തുന്ന സ്പെഷ്യലൈസ്ഡ് ഏജൻസിയിൽ 6,000 രൂപ, കുട്ടിയെ കൈമാറുന്ന സമയത്ത് നൽകേണ്ട 24,000 രൂപ, കോടതിയിൽ നിന്നുള്ള ഉത്തരവ് ലഭിക്കുന്ന സമയത്ത് അടയ്ക്കേണ്ട 16,000 രൂപ എന്നിങ്ങനെ മൊത്തം 46,000 രൂപ ചെലവ് വരും.

കടപ്പാട്: ഫസൽ പുള്ളാട്ട്, പ്രൊട്ടക്ഷൻ ഓഫിസർ, എൻഐസി മലപ്പുറം
ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് 9446 88 2775

Story highlight: know about adoption

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here