അയോധ്യയിലെ രാമക്ഷേത്രം: ഭൂമി ഒരുക്കൽ നടപടികൾ തുടങ്ങി

അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഭൂമി ഒരുക്കൽ നടപടികൾ തുടങ്ങി. ആദ്യ പടിയായി 30 വർഷങ്ങൾക്കു മുൻപ് ഇവിടെ സ്ഥാപിച്ചിരുന്ന രാം ലല്ല വിഗ്രഹം മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. അതേസമയം അയോധ്യയിൽ അനുവദിച്ച ഭൂമിയിൽ പള്ളി നിർമിക്കാൻ രൂപീകരിക്കുന്ന ട്രസ്റ്റിൻ്റെ വിശദാംശങ്ങൾ ഹോളിക്കു ശേഷം പ്രഖ്യാപിച്ചാൽ മതിയെന്ന് ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് തിരുമാനിച്ചു.
മാർച്ച് മാസം 25-ാം തിയതിക്കുള്ളില്‍ രാം ലല്ല മാറ്റി പ്രതിഷ്ഠിക്കാനാണ് ഇപ്പോഴത്തെ ശ്രമം. നിലവിലെ സ്ഥലത്തു നിന്ന് 200 മീറ്ററോളം ദൂരെ മാറി രാം ലല്ല താത്ക്കാലികമായി സ്ഥാപിയ്ക്കും. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ശ്രീരാമ മഹോത്സവത്തിന് അയോധ്യ തയ്യാറെടുക്കുകയാണ്. അതിന് മുന്നോടിയായി ക്ഷേത്ര നിർമ്മാണത്തിനുള്ള ഭൂമി ഒരുക്കൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ആദ്യമായി നേതൃത്വം നൽകുന്ന നടപടികൾ എന്ന പ്രത്യേകതയും ഇതിന് ഉണ്ട്. ക്ഷേത്ര നിർമാണ കാര്യങ്ങള്‍ ട്രസ്റ്റ് അംഗങ്ങള്‍ നേരിട്ട് നിയന്ത്രിക്കും എന്ന് ചെയർമാന്‍ നൃപേന്ദ്ര മിശ്ര അറിയിച്ചു.
സമാന്തരമായി പള്ളി നിർമ്മാണത്തിനായുള്ള നടപടികൾ സുന്നി വഖഫ് ബോർഡും ഊർജ്ജിതമാക്കി. ഇതിനായി ക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ മാതൃകയിൽ ട്രസ്റ്റ് പ്രഖ്യാപിയ്ക്കും. ട്രസ്റ്റിനെ സംബന്ധിച്ച് ഉയർന്ന ചില അഭിപ്രായ ഭിന്നതകൾ പരിഹരിച്ച ശേഷം ഹോളിയ്ക്ക് ശേഷമാകും പ്രഖ്യാപനം. ക്ഷേത്രവും പള്ളിയും ഒരേ ദിവസം ആരാധനയ്ക്കായി തുറക്കുന്ന വിധത്തിൽ നിർമ്മാണ സമയ ക്രമം നിജപ്പെടുത്താൻ ഉത്തർ പ്രദേശ് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. പള്ളി നിർമ്മാണത്തിന് ആവശ്യമായതിനേക്കാൾ രണ്ട് മുതൽ മൂന്ന് മാസം വരെയെങ്കിലും അധിക സമയം ക്ഷേത്ര നിർമ്മാണത്തിന് വേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.
Story Highlights: Ayodhya ram temple land
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here