കൊവിഡ് 19 പ്രതിരോധം: കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ച് ഒഡീഷ, ഡല്‍ഹി, കര്‍ണാടക സര്‍ക്കാരുകള്‍

കൊവിഡ് 19 വൈറസ് പ്രതിരോധിക്കുന്നതിന് ഒഡീഷ, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങള്‍ കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, വീട്ടിലെ നിരീക്ഷണം, ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത എന്നീ കാര്യങ്ങളെക്കുറിച്ച് അറിയാനാണ് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
Read More: കൊറോണ വൈറസ്; കേരളത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ പഠിക്കാന്‍ തെലുങ്കാന സംഘം എത്തി
കൊറോണ വൈറസിനെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധിച്ച രീതികള്‍ മനസിലാക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ സംഘം കേരളം സന്ദര്‍ശിച്ചിരുന്നു. കേരളത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ മനസിലാക്കാന്‍ തെലുങ്കാന സര്‍ക്കാരിന്റെ 12 അംഗ സംഘമാണ് സന്ദര്‍ശനം നടത്തിയത്. ഇതിന് പിന്നാലെയാണ് ഒഡീഷ, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കോവിഡ് 19 രോഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ഭീതിയല്ല വേണ്ടത്, ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.
Read More: നിപ, കൊറോണ വൈറസ് പ്രതിരോധം; കേരളത്തിന്റെ നേട്ടങ്ങള്‍ പരാമര്‍ശിച്ച് ബിബിസി
വൈറസുകളെ പ്രതിരോധിക്കുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ബിബിസിയില്‍ പോലും ചര്‍ച്ചയായിരുന്നു. ബിബിസിയുടെ വര്‍ക്ക് ലൈഫ് ഇന്ത്യ എന്ന ചര്‍ച്ചയിലാണ് കൊറോണ വൈറസിനെ ചെറുക്കാനായി കേരളം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കപ്പെട്ടത്. ബിബിസി അവതാരക ദേവിന ഗുപ്തയാണ് വൈറസ് രോഗങ്ങളെ നേരിടാന്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ചൈനീസ് മധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്‍, സുബോധ് റായ്, ഡോ. ഷാഹിദ് ജമാല്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
കേരളത്തില്‍ മൂന്ന് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിപ്പയും സിക്കയും പോലുള്ള വൈറസുകളെ കേരളം നേരിട്ടു. ഇതില്‍ നിന്ന് എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു അവതാരക ദേവിന ഗുപ്തയുടെ ചോദ്യം. ആരോഗ്യ രംഗത്ത് വികസിച്ച സംസ്ഥാനമാണ് കേരളമെന്ന് ഡോ. ഷഹീദ് ജമാല്‍ പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
Story Highlights: coronavirus, bbc, k k shailaja