ഡല്‍ഹി കലാപം: ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. ഹര്‍ജികള്‍ ആറാഴ്ചത്തേക്ക് മാറ്റിയ നടപടിയെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടികള്‍ വിവാദവും വിമര്‍ശനവും ക്ഷണിച്ചുവരുത്തിയതിനിടെയാണ് ഹര്‍ജികള്‍ വീണ്ടും ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണം, നഷ്ടപരിഹാരത്തിന് ഉത്തരവിടണം തുടങ്ങിയ ആവശ്യങ്ങളാണ് ഹൈക്കോടതിക്ക് മുന്നിലുള്ളത്.

സുപ്രിംകോടതിയിലെ ഹര്‍ജികളും ഡല്‍ഹി ഹൈക്കോടതിക്ക് കൈമാറിയിരുന്നു. ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശമുണ്ട്. വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കുന്നത് അടക്കം തീരുമാനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിടുന്നതാകും ഉചിതമെന്ന് നേരത്തെ തന്നെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights: delhi riot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top