മഹാരാഷ്ട്രയില്‍ നിന്ന് പാല്‍ എത്തിത്തുടങ്ങി; മില്‍മയിലെ പ്രതിസന്ധി അയയുന്നു

മില്‍മയിലെ പാല്‍ പ്രതിസന്ധി അയയുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള അന്‍പതിനായിരം ലിറ്റര്‍ പാല്‍ മില്‍മാ കേന്ദ്രങ്ങളില്‍ എത്തിത്തുടങ്ങി. പാല്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തോളമായി കടുത്ത പ്രതിസന്ധിയിലൂടെയാണ് മില്‍മ കടന്ന് പോയിരുന്നത്. മില്‍മ ഡീലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ആവശ്യത്തിന് പാല്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നത്.

വേനല്‍ കടുത്തതിന് പിന്നാലെ സംസ്ഥാനത്തെ പാല്‍ ഉത്പാദനം കുറഞ്ഞതും മുന്‍പ് സഹായിച്ചിരുന്ന തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ആവശ്യത്തിന് പാല്‍ ലഭിക്കാതിരുന്നതുമായിരുന്നു പ്രതിസന്ധിക്ക് കാരണമായത്. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ അന്‍പതിനായിരം ലിറ്റര്‍ പാല്‍ അവിടെ എത്തിക്കാനായതോടെയാണ് പ്രതിസന്ധിക്ക് താത്കാലിക അയവ് വന്നിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്തെ ഉത്പാദനത്തിനപ്പുറം അധികമായി ആവശ്യമുള്ള മൂന്ന് ലക്ഷം ലിറ്ററോളം പാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. പ്രധാനമായും പാല്‍ എത്തിച്ചിരുന്ന കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഉത്പാദനം കുറഞ്ഞതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിക്കുന്ന പാലിന് വില്‍പന വിലയേക്കാള്‍ കൂടുതല്‍ തുകയാണ് മില്‍മ നല്‍കേണ്ടി വരുന്നത്.

ലിറ്ററിന് വില്‍പന വിലയേക്കാള്‍ നാല് രൂപ വരെ അധികമായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന പാലിന് നല്‍കേണ്ടി വരുന്നുണ്ട്. ഇതോടെ മാസം കോടികളുടെ അധിക ബാധ്യതയാണ് മില്‍മയ്ക്ക് ഉണ്ടാകുന്നത്. മൂന്ന് മാസം വരെ ഇത് തുടരേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

Story Highlights: milma

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top