പക്ഷിപ്പനി ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലുമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രോഗ ബാധിത പ്രദേശങ്ങളുടെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലെ വളര്‍ത്തു പക്ഷികളെ കൊന്നു. വളര്‍ത്തു പക്ഷികളുമായി ബന്ധപ്പെട്ട വസ്തുകള്‍, കൂട് മുതലായവയും നശിപ്പിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ച കോഴി ഫാമില്‍ രാവിലെ 10.45 ഓടെയാണ് വിദഗ്ധ സംഘം എത്തിയത്. രണ്ടായിരത്തോളം കോഴികളാണ് ഇവിടെ നിന്ന് ചത്തത്. സുരക്ഷാ ആവരണങ്ങള്‍ അണിഞ്ഞ മൃഗ സംരക്ഷണ വകുപ്പിലെ ആറംഗ സംഘമാണ് കോഴികളെ സ്ഥലത്തെത്തി കൊന്നത്. ശേഷം അവശിഷ്ടങ്ങള്‍ കത്തിക്കുകയും ചെയതു.

കളക്ടര്‍ സാംബശിവ റാവു സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഫാമില്‍ കോഴികള്‍ ചത്ത് തുടങ്ങിയത്. തുടര്‍ന്ന് ഭോപ്പാലിലെ പരിശോധനയ്ക്ക് ശേഷം പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി രോഗബാധിത പ്രദേശത്തെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കോഴിയുടേയും കോഴി ഉത്പന്നങ്ങളുടേയും വില്‍പന താത്കാലികമായി നിരോധിച്ചു. അടുത്ത ദിവസങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും.

 Story Highlights- Bird flu, Preventive action, kerala
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top