Advertisement

യെസ് ബാങ്ക് മോറട്ടോറിയം; നിങ്ങൾ അറിയേണ്ടത്; [ 24 Explainer]

March 8, 2020
Google News 2 minutes Read

യെസ് ബാങ്കിനു മേൽ ആർബിഐ കഴിഞ്ഞ ദിവസമാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഇതോടെ പരിഭ്രാന്തിയിലായ നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കുകയും ഓഹരി വിപണിയിൽ പോലും കനത്ത ഇടിവുണ്ടാവുകയും ചെയ്തു. നിക്ഷേപകരോട് പരിഭ്രമിക്കരുതെന്ന് റിസർവ് ബാങ്ക് പറഞ്ഞു എങ്കിലും ആളുകൾ അതൊന്നും ശ്രദ്ധിക്കുന്നില്ല. എടിഎമ്മുകൾക്ക് മുന്നിൽ നീണ്ട ക്യൂ ആണ് കാണുന്നത്. സത്യത്തിൽ മോറട്ടോറിയം ഇത്ര ഭയപ്പെടേണ്ട ഒന്നാണോ? നിങ്ങൾ അറിയേണ്ട ചിലത്:

എന്താണ് മോറട്ടോറിയം?

ബാങ്കിൻ്റെ ദൈനം ദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നടപടിയാണ് മോറട്ടോറിയം. 10,000 കോടിയുടെ കിട്ടാക്കടമുളള ബാങ്കിന്‍റെ മൂലധനം ഉയര്‍ത്തി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് എസ്ബിഐ യെസ് ബാങ്കിനു മേൽ മോറട്ടോറിയം ഏർപ്പെടുത്തിയത്. മാർച്ച് അഞ്ചിന് ആരംഭിച്ച മോറട്ടോറിയം ഏപ്രിൽ 6 വരെ തുടരും. ഈ കാലയളവിൽ നിക്ഷേപവും പിൻവലിക്കലും നിയന്ത്രിതമാകും. ലോണുകൾ നൽകാനോ പുതുക്കാനോ ബാങ്കിന് സാധിക്കുകയില്ല. 50000 രൂപയാണ് ഈ കാലയളവിൽ പരമാവധി ബാങ്കിൽ നിന്ന് പിൻവലിക്കാവുന്ന തുക. എന്നാൽ, കല്യാണം, വിദ്യാഭ്യാസം പോലുള്ള അടിയന്തിര ആവശ്യങ്ങൾക്ക് 5 ലക്ഷം രൂപ വരെ പിൻവലിക്കാം.

ഡിജിറ്റൽ വ്യവഹാരങ്ങൾക്ക് സംഭവിക്കുന്നത് എന്ത്?

ഡിജിറ്റൽ വ്യവഹാരങ്ങളൊന്നും ഈ കാലയളവിൽ സാധിക്കില്ല. 8.27 ലക്ഷം ക്രെഡിറ്റ് കാർഡ് ഉടമകൾക്കും 28 ലക്ഷത്തിനു മുകളിലുള്ള ഡെബിറ്റ് കാർഡ് ഉടമകൾക്കും ഡിജിറ്റൽ പണ വ്യവഹാരം നടത്താൻ ഈ കാലയളവിൽ സാധിക്കില്ല. യുപിഐ വ്യവഹാരങ്ങളും നടക്കില്ല. യെസ് ബാങ്ക് പാർട്ണർ ആയിട്ടുള്ള സ്വിഗി, ഫോൺ പേ തുടങ്ങിയ 20 ആപ്പുകൾ വഴിയും പണ ഇടപാടുകൾ സാധിക്കില്ല. ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ആപ്പുകൾ ഇക്കാലയളവിൽ ഉപയോഗിക്കാം.

നിക്ഷേപിച്ചിട്ടുള്ള പണത്തിന് എന്ത് സംഭവിക്കും?

പണം പിൻവലിക്കുന്നതിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും ബാങ്കിലുള്ള പണം സുരക്ഷിതമായിരിക്കും എന്നാണ് ആർബിഐയുടെ വാഗ്ദാനം. യെസ് ബാങ്ക് വഴി അടക്കുന്ന മാസ അടവുകളോ വായ്പകളോ ഇൻഷുറൻസുകളോ മറ്റ് മാസാമാസമുള്ള പണ അടവുകളോ ഉണ്ടെങ്കിൽ ഉടൻ വേണ്ട നടപടികൾ കൈക്കൊള്ളണം. മറ്റ് ഏതെങ്കിലും ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈ ഇടപാടുകൾ നടത്താവുന്ന തരത്തിലേക്ക് മാറ്റണം.

Story Highlights: Here is all you need to know about the Yes Bank moratorium

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here