ഒറ്റക്കൈ കൊണ്ട് സഹീറിന്റെ കിടിലൻ ക്യാച്ച്: വീഡിയോ

റോഡ് സേഫ്റ്റി വേൾഡ് ടി-20 സീരീസിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ലെജൻഡ്സ് വെസ്റ്റ് ഇൻഡീസ് ലെജൻഡിനെ പരാജയപ്പെടുത്തിയിരുന്നു. നൊസ്റ്റാൾജിയ ഉണർത്തിയ മത്സരത്തിൽ ഇന്ത്യയെ വിജയിപ്പിച്ചത് വിരേന്ദർ സെവാഗിൻ്റെ ഉജ്ജ്വല ബാറ്റിംഗായിരുന്നു. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ലെജൻഡ്സിൽ സെവാഗിനെ കൂടാതെ സഹീർ ഖാൻ, യുവ്‌രാജ് സിംഗ് മുഹമ്മദ് കൈഫ് തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരന്നു.

മത്സരത്തിനിടെ സഹീർ ഖാൻ വെസ്റ്റ് ഇൻഡീസ് ലെജൻഡ്സ് താരം റിക്കാര്‍ഡോ പവലിനെ (1) ഉജ്ജ്വലമായ ഒരു ക്യാച്ചിലൂടെ പുറത്താക്കിയിരുന്നു. മുനാഫ് പട്ടേലിൻ്റെ പന്തിലാണ് സഹീർ ഒറ്റക്കൈ കൊണ്ടുള്ള കിടിലൻ ക്യാച്ചിലൂടെ പവലിനെ മടക്കി അയച്ചത്. ഇന്നിംഗ്സിൻ്റെ 17ാം ഓവറിലായിരുന്നു കാണികളെ അമ്പരപ്പിച്ച നിമിഷം. മുനാഫിന്റെ ഒരു ലെഗ് ലൈൻ ഫുൾ ബോളിൽ മനോഹരമായ പിക്കപ്പ് ഷോട്ട് കളിച്ച പവലിനെ ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ ചാടിയുയര്‍ന്ന സഹീര്‍ വലതു കൈകൊണ്ട് പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് ട്വന്റി20 സീരീസ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ ലെജൻഡ്‌സ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റിൻഡീസ് ലെജൻഡ്‌സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ അടിച്ചത് 150 റൺസാണ്. 151 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 10 പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയും ചെയ്തു. 57 പന്തിൽ 11 ഫോറുകൾ സഹിതം 74 റൺസെടുത്ത ഓപ്പണർ വീരേന്ദർ സെവാഗിന്റെ തകർപ്പൻ പ്രകടനം ഇന്ത്യയുടെ അനായാസ ജയത്തിന് തുണയായി.

Story Highlights: Zaheer Khan great catch video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top