കൊവിഡ് 19 ; നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാൻ ജിപിഎസ് സംവിധാനം

പത്തനംതിട്ട ജില്ലയിൽ കൊവിഡ് 19 രോഗ നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ട്രാക്ക് ചെയ്യുവാൻ ജിപിഎസ് സംവിധാനമേർപ്പെടുത്തി. രണ്ട് ടീമുകളിലായി 30 പേരടങ്ങുന്ന സംഘമാണ് വീടുകളിൽ കഴിയുന്ന 733 പേരെ നിരീക്ഷിക്കുകയും ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ആവശ്യമായ ചികിത്സാ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നത്. നിലവിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ടീമിനെ സജ്ജീകരിച്ചിരിക്കുന്നത്.
ജിപിഎസ് സംവിധാനം ഉപയോഗിച്ച് വീടുകളിൽ കഴിയുന്നവരുടെ ലൊക്കേഷൻ നിരീക്ഷിച്ച് അവർ വീടുകൾക്ക് പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണ് നിരീക്ഷക സംഘം ചെയ്യുന്നത്. ആരെങ്കിലും പൊതു ഇടങ്ങളിലേക്ക് പോകുകയാണെങ്കിൽ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
പത്ത്‌പേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളിൽ നിരീക്ഷണത്തിലുള്ളവരുമായി ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കും. ടീമിലുള്ള കൗൺസിലർമാർ ഇവരെ ഫോണിൽ ബന്ധപ്പെടുകയും ഇവർക്ക് മാനസിക പിന്തുണ നൽകുകയും ചെയ്യും. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ട്രാക്ക് ചെയ്യുന്നതും കൗൺസിലിംഗ് നൽകുന്നതും മെഡിക്കൽ സംഘത്തിൽ നിന്നുള്ളവരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here