റോഡ് സേഫ്റ്റി ലോക സീരീസ്: ഇന്ന് ഇന്ത്യൻ ലെജൻഡ്സ് ശ്രീലങ്കൻ ലെജൻഡ്സിനെ നേരിടും

റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി ടി-20 ലോക സീരീസിൽ ഇന്ന് ഇന്ത്യൻ ലെജൻഡ്സ് ശ്രീലങ്കൻ ലെജൻഡ്സിനെ നേരിടും. മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മത്സരം. ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരങ്ങൾ വിജയിച്ചിരുന്നു.

2011 ലോകകപ്പ് ഫൈനലിൽ കളിച്ച എട്ട് താരങ്ങൾ വീണ്ടും മുഖാമുഖം ഏറ്റുമുട്ടുന്നു എന്നതാണ് ഈ മത്സരത്തിൻ്റെ പ്രത്യേകത. സച്ചിന്‍ തെണ്ടുൽക്കർ, മുത്തയ്യ മുരളീധരന്‍, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍, ചമര കപുഗെദര, തിലകരത്നെ ദില്‍ഷന്‍, യുവരാജ് സിംഗ്, മുനാഫ് പട്ടേല്‍ എന്നിവരാണ് ലോകകപ്പ് ഓര്‍മയില്‍ വീണ്ടും ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തില്‍ മുരളീധരന് പരിക്കേറ്റിരുന്നു എങ്കിലും പ്ലേയിംഗ് ഇലവനില്‍ അദ്ദേഹം ഉണ്ടാകുമെന്നാണ് സൂചന.

സീരീസിൻ്റെ ഉദ്ഘാടന മത്സരത്തിൽ ബ്രയാൻ ലാറ നയിച്ച വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനെയാണ് ഇന്ത്യൻ ലെജൻഡ്സ് കീഴ്പ്പെടുത്തിയത്. മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ ലെജൻഡ്‌സ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 151 റൺസിൻ്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ വെച്ച് നീട്ടിയത്. 57 പന്തിൽ 11 ഫോറുകൾ സഹിതം 74 റൺസെടുത്ത ഓപ്പണർ വീരേന്ദർ സെവാഗിന്റെ തകർപ്പൻ പ്രകടനം ഇന്ത്യയുടെ അനായാസ ജയത്തിന് തുണയായി.

ശ്രീലങ്കൻ ലെജൻഡ്സ് ആവട്ടെ ഓസ്ട്രേലിയൻ ലെജൻഡ്സിനെതിരെ ഒരു ത്രില്ലർ പോര് ജയിച്ചതിൻ്റെ ആവേശത്തിലാണ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മുന്നോട്ടുവെച്ച 162 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയ 14.3 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 97 എന്ന നിലയിൽ പതറുകയായിരുന്നു. തുടർന്ന് നഥാൻ റിയർഡൺ കാഴ്ച വെച്ച അസാമാന്യ ബാറ്റിംഗ് പ്രകടനം അവരെ ബിജയത്തിനരികെ എത്തിച്ചു. 53 പന്തുകളിൽ 9 ബൗണ്ടറിയും 5 സിക്സറും സഹിതം 96 റൺസെടുത്ത് റിയർഡൺ അവസാന ഓവറിൽ പുറത്തായതോടെയാണ് ലങ്ക ജയം ഉറപ്പിച്ചത്.

Story Highlights: road safety world series t-20 india legends vs srilanka legends today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top