പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 13 രേഖകൾ: മുഖ്യമന്ത്രി

പാലാരിവട്ടം അഴിമതിക്കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ 13 രേഖകൾ പിടിച്ചെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചന്ദ്രിക പത്രത്തിന്റെ ഓഫിസിൽ നടത്തിയ റെയ്ഡിൽ 34 രേഖകളും രണ്ട് സിഡികളും ഒരു ഹാർഡ് ഡിസ്‌കും പിടിച്ചെടുത്തുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ ചന്ദ്രിക പത്രത്തിന്റെ വാർഷിക കാമ്പയിനിൽ സമാഹരിച്ച പണമാണ് ബാങ്കിൽ നിക്ഷേപിച്ചതെന്നും താനുമായി അതിന് ബന്ധമില്ലെന്നും വി കെ ഇബ്രാഹിം കുഞ്ഞ് വിശദീകരിച്ചു.
ചന്ദ്രിക അക്കൗണ്ടിൽ ലഭിച്ച പത്ത് കോടി ഇബ്രാഹിം കുഞ്ഞിന്റെതാണെന്ന് ആരോപണം വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കോടതി പുറപ്പെടുവിച്ച സെർച്ച് വാറന്റുമായി ചന്ദ്രിക ഓഫിസിൽ നടത്തിയ പരിശോധനയിലാണ് 34 രേഖകളും രണ്ട് സിഡികളും ഒരു ഹാർഡ് ഡിസ്‌കും പിടിച്ചെടുത്തത്. റെയ്ഡ് ചന്ദ്രിക പത്രത്തിന് എതിരല്ലെന്നും പാലാരിവട്ടം കേസുമായി ബന്ധപ്പെട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചന്ദ്രിക പത്രം വാർഷിക കാമ്പയിൽ നടത്താറുണ്ടെന്നും ഇങ്ങനെ ലഭിച്ച പണമാണ് കൊച്ചിയിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിക്ഷേപിച്ചതെന്നും വി കെ ഇബ്രാഹിംകുഞ്ഞ് മുഖ്യമന്ത്രിക്ക് മറുപടി നല്‍കി. ഇക്കാര്യം ബാങ്ക് ആദായ നികുതി വകുപ്പിനെ അറിയിച്ചു. അവർ പരിശോധന നടത്തുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. തുടർന്ന് 2.24 കോടി രൂപ നികുതി അടച്ച ശേഷമാണ് അക്കൗണ്ട് പൂർവ സ്ഥിതിയിലാക്കിയത്. ഈ പണത്തിന് താനുമായി ഒരു ബന്ധവുമില്ല. അത് ചന്ദ്രിക പത്രത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ കേസിൽ പ്രതിചേർക്കപ്പെട്ട വി കെ ഇബ്രാഹിംകുഞ്ഞ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കാൻ നീക്കം തുടങ്ങി. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകുന്നത്. കഴിഞ്ഞ ദിവസമാണ് ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ റെയ്ഡ് നടന്നത്. വിജിലൻസാണ് റെയ്ഡ് നടത്തിയത്.
palarivattam bridge corruption, ibrahim kunju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here