Advertisement

കൊവിഡ് 19; അതീവ ജാഗ്രതയോടെ സംസ്ഥാനം

March 11, 2020
Google News 0 minutes Read

പതിനാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയോടെ സംസ്ഥാനം. നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. തിരുവനന്തപുരത്ത് കോടതി നടപടികൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണമേർപ്പെടുത്തി. സർക്കാർ ഉത്തരവ് ലംഘിച്ച് പ്രവർത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെന്നും അധികൃതർ അറിയിച്ചു.

കൊവിഡ് 19 വ്യാപനം തടയുന്നതിനായി അതിജാഗ്രതാ നടപടികളും, മുൻകരുതലുകളും, കർശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന സർക്കാർ. തലസ്ഥാനത്ത് കോടതി നടപടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിപ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സർക്കുലർ ഇറക്കി. കോടതികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നുംപ്രധാനപ്പെട്ട കേസുകൾ ഒഴികെയുള്ളവ പരിഗണിക്കേണ്ടതില്ലെന്നും സർക്കുലറിൽ വ്യക്തമാക്കി. തടവുപുള്ളികളെ ഈ ആഴ്ച്ച കോടതിയിൽ ഹാജരാക്കേണ്ട. അഭിഭാഷകർ മാസ്‌ക് ധരിക്കണമെന്നും മുൻ കരുതൽ സ്വീകരിക്കണമെന്നും നിർദേശിച്ചു.

വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി, നെയ്യാർഡാം, എന്നിവ അടച്ചു.വിഴിഞ്ഞം ലൈറ്റ് ഹൗസിൽ സന്ദർശകരെ നിരോധിച്ചു.മലമ്പുഴ ഡാം നാളെ മുതൽ അടച്ചിടും.സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, വനാതിർത്തി പങ്കിടുന്നതും സഞ്ചാരികൾ എത്തുന്നതുമായ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും സന്ദർശകരെ നിരോധിച്ചു. ആവശ്യമെങ്കിൽ തിരുവനന്തപുരംമൃഗശാലയും, മ്യൂസിയവും അടച്ചിടാൻ നിർദ്ദേശം നൽകുമെന്ന് കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു.

സർക്കാർ ഉത്തരവ് ലംഘിച്ച് പ്രവർത്തനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് വ്യക്തമാക്കി. കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾ ഒഴിവാക്കി ആചാര പ്രകാരമുള്ള ചടങ്ങുകൾ മാത്രമാക്കി ചുരുക്കും.മാർച്ച് 31 വരെ ഇടവകകൾ, ധ്യാനങ്ങൾ അടക്കം ഒന്നും നടത്തരുതെന്ന് താമരശേരി രൂപത നിർദേശം നൽകി. രോഗ ലക്ഷണങ്ങളുള്ളവർ പള്ളിയിലേക്ക് വരരുതെന്ന് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി.

പത്തനതിട്ടയിൽ നിന്ന് വരുന്ന ജോലിക്കാരോട് താത്ക്കാലിക അവധിയിൽ പ്രവേശിക്കാൻ കൊച്ചി ഇൻഫോപാർക്കിലെ ചില കമ്പനികൾ നിർദേശം നൽകി. ഇത് സംബന്ധിച്ച് കമ്പനികൾ തൊഴിലാളികൾക്ക് നോട്ടീസ് നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here