കൊറോണയ്‌ക്കെതിരെ ബോധവത്കരണത്തിനായി റോബോട്ടുകളെ രംഗത്തിറക്കി കൊച്ചിയിലെ സ്റ്റാർട്ട് അപ്

കൊറോണ പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ചൈനയിൽ റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്നത് നാം കണ്ടതാണ്. സുരക്ഷിതമായ മാർഗം കൂടിയാണ് രോഗികൾക്ക് മരുന്നും ഭക്ഷണവും നൽകാൻ റോബോട്ടുകളെ ഉപയോഗിക്കുന്നത്. കേരളത്തിലെ ഒരു സ്റ്റാർട്ട് അപ് കമ്പനിയും അത്തരത്തിലുള്ള റോബോട്ടുകളെ നിർമിച്ചിരിക്കുന്നു, പക്ഷേ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഈ റോബോട്ടുകളെ ഉപയോഗിക്കുന്നത്.

Read Also: കൊവിഡ് 19 പ്രതിരോധം: സര്‍ക്കാരിന്റെ സന്നദ്ധ സേനയില്‍ അംഗമാകാന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

കേരളാ സ്റ്റാർട്ട് അപ് മിഷന് കീഴിലുള്ള കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ട് അപ് കോംപ്ലക്‌സിലാണ് ഈ റോബോട്ടുകളുള്ളത്. റോബോട്ടുകളെ നിർമിച്ചിരിക്കുന്നത് അസിമോവ് റോബോട്ടിക്‌സാണ്. പലരും കൊറോണയെ ഗൗരവമായി എടുക്കാത്തതാണ് ഇത്തരത്തിലൊരു പരീക്ഷണം നടത്താൻ കമ്പനിക്ക് പ്രേരകമായത്. അസിമോവിന്റെ സ്ഥാപകനും സിഇഒയും ടി ജയകൃഷ്ണനാണ്. രണ്ട് റോബോട്ടുകളാണ് ബോധവത്കരണത്തിന് തയാറായി നിൽക്കുന്നത്. ബോധവത്കരണം നൽകുക മാത്രമല്ല, പ്രതിരോധിക്കാനായി മാസ്‌ക്, സാനിറ്റെസർ, നാപ്കിൻ മുതലായവയും വിതരണം ഇവർ ചെയ്യും. കൊറോണ വൈറസ് പരക്കുന്നത് തടയുന്നതിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ വീഡിയോ റോബോട്ടുകളുടെ സ്‌ക്രീനുകളിൽ കാണിക്കുകയും ചെയ്യുന്നുണ്ട്. രണ്ടാമത്തെ റോബോട്ട് നൽകുന്നത് മുൻകരുതലിനെക്കുറിച്ചുള്ള വിശദമായ വിവരണമാണ്. പൊതുസ്ഥലങ്ങളിലും ഇത്തരം റോബോട്ടുകളെ ഉപയോഗിക്കുന്ന സാധ്യതയെക്കുറിച്ച് ചിന്തിക്കുകയാണെന്ന് കേരള സ്റ്റാർട് അപ് മിഷൻ സിഇഒ സജി ഗോപിനാഥ് ഒരു മാധ്യമത്തിനോട് പറഞ്ഞു. സുരക്ഷിതവും കൗതുകകരവുമാണ് റോബോട്ടുകളെ വച്ചുള്ള ബോധവത്കരണം. വിമാനത്താവളങ്ങളിൽ അടക്കം റോബോട്ടുകളെ ഉപയോഗിക്കാനും ആലോചിക്കുന്നുണ്ട് കേരളാ സ്റ്റാർട് അപ് മിഷൻ.

 

corona, robots

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top