Advertisement

കൊവിഡ് 19 പ്രതിരോധം: സര്‍ക്കാരിന്റെ സന്നദ്ധ സേനയില്‍ അംഗമാകാന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

March 11, 2020
Google News 1 minute Read

കൊവിഡ് 19 പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ സന്നദ്ധ സംഘടനയില്‍ അംഗമാകാന്‍ താത്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം, നിപ്പ തുടങ്ങി കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ നേരിട്ട ഓരോ വെല്ലുവിളിയും മറികടന്ന് സര്‍ക്കാരിനു മുന്നോട്ടു പോകാന്‍ സാധിച്ചത് ജനങ്ങള്‍ നല്‍കിയ പിന്തുണയും പങ്കാളിത്തവും കാരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഒരു പ്രതിസന്ധിക്കും മുന്നിലും ഭയചകിതരകാതെ സ്വന്തം സമൂഹത്തിന്റെ നന്മയെക്കരുതി ആയിരങ്ങളാണ് സഹായഹസ്തങ്ങളുമായി ആ സന്ദര്‍ഭങ്ങളില്‍ മുന്നോട്ടു വന്നത്. അവരുടെ ത്യാഗമാണ് സര്‍ക്കാരിനു മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട ആത്മവിശ്വാസവും പ്രചോദനവും നല്‍കിയത്.

ഇന്ന് വീണ്ടും അത്തരമൊരു സാഹചര്യം ഉണ്ടായിരിക്കുന്നു. ലോകമൊട്ടാകെ ഭീതി പരത്തിക്കൊണ്ടു പടരുന്ന കൊവിഡ് 19 വൈറസ് ബാധ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഈ അവസരത്തില്‍ നമ്മുടെ സര്‍ക്കാര്‍, ആരോഗ്യ, സംവിധാനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറായി നില്‍ക്കുന്നവര്‍ സധൈര്യം മുന്നോട്ട് വന്ന് സര്‍ക്കാരിനൊപ്പം കൈകള്‍ കോര്‍ക്കണമെന്നും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കണമെന്നും അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സന്നദ്ധ സംഘടനയില്‍ https://bit.ly/2TEhVPK എന്ന വെബ്‌സൈറ്റ് വഴിയോ, +91 9400 198 198 എന്ന നമ്പറില്‍ മിസ്‌കോള്‍ ചെയ്‌തോ എത്രയും പെട്ടെന്നു തന്നെ രജിസ്റ്റര്‍ ചെയ്യണം. ആവശ്യമായ ട്രെയിനിംഗ് നല്‍കി, വേണ്ട തയാറെടുപ്പുകള്‍ക്കും ശേഷം മാത്രമായിരിക്കും പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളെ പങ്കാളികളാക്കുന്നത്.

വെല്ലുവിളികള്‍ക്കു മുന്നില്‍ പിന്തിരിഞ്ഞോടിയ ചരിത്രം നമുക്കില്ല. ഇച്ഛാശക്തിയോടെ നമ്മളവയെ മറികടന്നിട്ടേ ഉള്ളൂ. എല്ലാവരും അഭിപ്രായ ഭിന്നതകളൊക്കെ മാറ്റി വച്ച് ഒരുമിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here