തൂങ്ങിമരിച്ച ഭർത്താവിന്റെ മൃതദേഹവുമായി ഭാര്യ പൊലീസിനെ കാത്തിരുന്നത് 16 മണിക്കൂർ

വീടിനുള്ളിൽ തൂങ്ങിമരിച്ച ഭർത്താവിന്റെ മൃതദേഹവുമായി ഭാര്യ പൊലീസിനെ കാത്തിരുന്നത് 16 മണിക്കൂർ. ആലുവ നഗര മധ്യത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിക്ക് സമീപമായിരുന്നു സംഭവം.
പെയിന്റിംഗ് തൊഴിലാളിയായ തോട്ടയ്ക്കാട്ടുകര കുരുതിക്കുഴി ജോഷി (67) തിങ്കളാഴ്ച പകൽ രണ്ട് മണിയോടെ വീടിനുള്ളിൽ ജീവനൊടുക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇയാളുടെ ഭാര്യ എത്തി വാതിൽ തുറക്കുമ്പോഴാണ് തൂങ്ങി മരിച്ച നിലയിലുള്ള ജോഷിയുടെ മൃതദേഹം കാണുന്നത്. ലിസിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളും എസ്പിയുടെ ക്യാമ്പ് ഓഫിസിലെ പൊലീസുകാരും പൊലീസ് എത്താതെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞു. തുടർന്ന് 5.10ന് എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തി. ജോഷി മരിച്ചെന്നും 6നു മുൻപു മഹസർ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ മൃതദേഹം ഇറക്കാനാവില്ലെന്നും പറഞ്ഞു.
അതേസമയം, മൃതദേഹം കേട് ആവുന്നതിനു മുൻപ് ഫോട്ടോയും വീഡിയോയും എടുത്ത് ആശുപത്രിയിലേക്ക് മാറ്റണമെന്ന് അഭ്യർത്ഥിച്ചെങ്കിലും പൊലീസ് ഇതിനും തയാറായില്ല. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെയുള്ള സമയം മാത്രമേ ഇൻക്വസ്റ്റ് പൂർത്തിയാക്കൂ എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഇതിനെ തുടർന്ന് രാത്രി മുഴുവൻ ലിസിക്ക് തൂങ്ങി മരിച്ച നിലയിലുള്ള ഭർത്താവിന്റെ മൃതദേഹത്തിനരികിൽ നിൽക്കേണ്ടി വന്നു. തുടർന്ന് സ്ഥലം എംഎൽഎയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തി മഹസർ തായറാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here