Advertisement

‘പുലർച്ചെ രണ്ട് മണിക്ക് വിളിച്ചാലും ഫോൺ എടുക്കാൻ ടീച്ചറുണ്ട്; ഈ ആരോഗ്യമന്ത്രി അഭിമാനമാണ്; വൈറലായി കുറിപ്പ്

March 12, 2020
Google News 0 minutes Read

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെ അഭിനന്ദിച്ച് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. മാധ്യമങ്ങളെ കാണാനോ കാണിക്കാനോ ഉള്ള അമിതാവേശമല്ല ആരോഗ്യമന്ത്രിയിൽ താൻ കാണുന്നതെന്ന് മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചു.

നിപയുടെ കാലത്ത് തന്നെ ആരോഗ്യ എമർജൻസികളെ മുന്നിൽ പോയി നിന്ന് നയിക്കുകയാണ് ടീച്ചർ. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് നേതൃത്വം നൽകുന്നു, ഡോക്ടർമാർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഉറപ്പാക്കുന്നു, രാത്രി പന്ത്രണ്ട് മണിക്ക് പോലും ജൂനിയർ ഡോക്ടർമാരെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്നു. രാവിലെ രണ്ടു മണിക്ക് ടീച്ചറുടെ ഫോൺ ബെല്ലടിക്കുമ്പോൾ ഒന്നാമത്തെ ബെല്ലിന് ഫോൺ എടുത്തത് ടീച്ചർ തന്നെയാണെന്ന് അനുഭവസ്ഥർ ചൂണ്ടിക്കാട്ടിയതായി മുരളി പറഞ്ഞു. കൊറോണക്കാലത്ത് നമ്മുടെ ആളുകൾ ഇത്രയെങ്കിലും സമാധാനമായി ഉറങ്ങുന്നത്, കാര്യങ്ങൾ കൃത്യമായി നോക്കി ടീച്ചർ ഉറങ്ങാതെ ഇരിക്കുന്നുണ്ടെന്ന ആത്മവിശ്വാസം കൊണ്ടുകൂടിയാണെന്നും ഈ ആരോഗ്യമന്ത്രി അഭിമാനമാണെന്നും മുരളി ഫേസ്ബുക്കിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണം

കൊറോണക്കാലത്തെ വാർത്താ സമ്മേളനം

ഒരു എമർജൻസി നന്നായി കൈകാര്യം ചെയ്യുന്നത് പോലെതന്നെ പ്രധാനമാണ് ആളുകളിൽ അത് നന്നായിട്ടാണ് കൈകാര്യം ചെയ്യുന്നതെന്ന ആത്മവിശ്വാസം ഉണ്ടാക്കുന്നതും.

വലിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അത് കൈകാര്യം ചെയ്യുന്നവർ ദിവസവും പത്രലേഖകരെ കാണണമെന്നും അവർക്കറിയാവുന്ന വിവരങ്ങൾ പൊതുജനങ്ങളുമായി പങ്കുവെക്കണമെന്നുമാണ് ഈ രംഗത്ത് ജോലി ചെയ്ത് തുടങ്ങിയ കാലത്ത് തന്നെ ഞങ്ങളെ പഠിപ്പിച്ചത്. ഞങ്ങൾ അത് തന്നെയാണ് പഠിപ്പിക്കുന്നതും. ദുരന്തകാലത്ത് വാർത്തകൾ അറിയാൻ ആളുകൾക്ക് വലിയ താത്പര്യം ഉണ്ടാകുമെന്നതിനാൽ ഉത്തരവാദിത്തപ്പെട്ടവർ ശരിയായ വാർത്തകൾ നൽകിയില്ലെങ്കിൽ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി പ്രശ്‌നം ഏറ്റെടുക്കും. പൊട്ടക്കണക്കും ഊഹാപോഹങ്ങളുമായി മാധ്യമങ്ങൾ നിറയും, ആളുകൾ പരിഭ്രാന്തരാകും. എമർജൻസി സാങ്കേതികമായി എത്ര നന്നായി കൈകാര്യം ചെയ്താലും പ്രശ്‌നം കൈവിട്ട് പോകും. ദുരന്ത പ്രദേശങ്ങളിൽ വസ്തുവകകളുടെ പൂഴ്ത്തിവെയ്പ്പും കൂട്ടപ്പലായനവും ഉണ്ടാകുന്നത് ഇങ്ങനെ ഉത്തരവാദിത്തപ്പെട്ടവർ വേണ്ടത്ര വിവരങ്ങൾ പങ്കുവെക്കാത്തത് കൊണ്ടാണ്.

2018 ലെ പ്രളയകാലത്ത് കാര്യങ്ങൾ ഏറ്റവും ബുദ്ധിമുട്ടായിരുന്ന കാലത്ത് പോലും കേരളത്തിൽ ജനങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങൾ ആയിരുന്നു. ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖത്തോടെ കൃത്യമായ കണക്കുകൾ നിരത്തി നടത്തിയ ആ പത്രസമ്മേളനങ്ങൾ ദുരന്തം കൈകാര്യം ചെയ്യുന്നത് പഠിക്കുന്നവർക്ക് പഠനത്തിന് ഉപയോഗിക്കാൻ പറ്റുന്നവയായിരുന്നു.

നമ്മുടെ ആരോഗ്യ മന്ത്രിയുടെ കാര്യവും വ്യത്യസ്തമല്ല. ഈ കൊറോണക്കാലം തുടങ്ങിയത് മുതൽ മലയാളികൾക്ക് കൃത്യമായ വിവരങ്ങൾ കിട്ടിക്കൊണ്ടിരുന്നു. സ്ഥിരമായി ആരോഗ്യ മന്ത്രിയും പറ്റുമ്പോഴൊക്കെ മുഖ്യമന്ത്രിയും നാട്ടുകാരെ കാര്യങ്ങൾ നേരിട്ട് പറഞ്ഞു മനസിലാക്കുന്നു. ഫേസ്ബുക്കിലൂടെ വിവരം കൈമാറുന്നത് വേറെയും.

പക്ഷെ മാധ്യമങ്ങളെ കാണാനോ കാണിക്കാനോ ഉള്ള അമിതാവേശം ഒന്നുമല്ല ആരോഗ്യമന്ത്രിയിൽ ഞാൻ കാണുന്നത്. നിപ്പയുടെ കാലത്ത് തന്നെ ആരോഗ്യ എമർജൻസികളെ മുന്നിൽ പോയി നിന്ന് നയിക്കുകയാണ് ടീച്ചർ. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് നേതൃത്വം നൽകുന്നു, ഡോക്ടർമാർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഉറപ്പാക്കുന്നു, രാത്രി പന്ത്രണ്ട് മണിക്ക് പോലും ജൂനിയർ ഡോക്ടർമാരെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്നു. രാവിലെ രണ്ടു മണിക്ക് ടീച്ചറുടെ ഫോൺ ബെല്ലടിക്കുമ്പോൾ ഒന്നാമത്തെ ബെല്ലിന് ഫോൺ എടുത്തത് ടീച്ചർ തന്നെയാണെന്ന് അനുഭവസ്ഥർ പറയുന്നു. ഈ കൊറോണക്കാലത്ത് നമ്മുടെ ആളുകൾ ഇത്രയെങ്കിലും സമാധാനമായി ഉറങ്ങുന്നത് കാര്യങ്ങൾ കൃത്യമായി നോക്കി ടീച്ചർ ഉറങ്ങാതെ ഇരിക്കുന്നുണ്ടെന്ന ആത്മവിശ്വാസം കൊണ്ടുകൂടിയാണ്.

ഈ ആരോഗ്യമന്ത്രി നമുക്ക് അഭിമാനമാണ്

മുരളി തുമ്മാരുകുടി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here