പാലാരിവട്ടം പാലം അഴിമതി; അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പാലാരിവട്ടം പാലം അഴിമതി കേസ് അട്ടിമറിക്കാൻ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡിവൈഎസ്പി ആർ അശോക് കുമാറിനെയും ഫോർട്ട് സിഐ കെകെ ഷെറിയെയുമാണ് സസ്‌പെൻഡ്‌ ചെയ്തത്.  വിജിലൻസ് അന്വേഷണത്തിനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു.

പാലാരിവട്ടം പാലം അഴിമതി അന്വേഷിച്ച ആദ്യ സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എറണാകുളം വിജിലൻസ് യൂണിറ്റിലെ ഡിവൈഎസ്പി ആർ അശോക് കുമാർ, മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ സഹായിക്കുന്ന നിലപാടെടുക്കുന്നുവെന്ന് ആദ്യഘട്ടത്തിൽ തന്നെ ആക്ഷേപമുയർന്നിരുന്നു. ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവുകൾ ശേഖരിക്കുന്നതിലും വിവരങ്ങൾ ഹൈക്കോടതിയിൽ അഭിഭാഷകരുമായി പങ്കു വയ്ക്കുന്നതിലും വീഴ്ച വരുത്തിയതോടെ ഇന്റലിജൻസാണ് ആദ്യം അന്വേഷണം നടത്തിയത്. ഇബ്രാഹിംകുഞ്ഞിന്റെ ഇടനിലക്കാരുമായി നിരന്തരം അശോക് കുമാർ ബന്ധപ്പെടുന്നതായി ഇന്റലിജൻസ് കണ്ടെത്തി. കൂടാതെ കേസിലെ സാക്ഷികളെയും, അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെയും സ്വാധീനിക്കാൻ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ സിഐ കെകെ ഷെറി ശ്രമിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇതേ തുടർന്നാണ് ഡിവൈഎസ്പി അശോക് കുമാറിനെ കേസിന്റെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയത്. പിന്നീട് തിരുവനന്തപുരം യൂണിറ്റിലെ ശ്യാംകുമാറിനെ അന്വേഷണത്തിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരം കോഴിക്കോട് വിജിലൻസ് യൂണിറ്റ് എസ്പി ശശിധരൻ അശോക് കുമാറിനും, ഷെറിക്കുമെതിരെ രഹസ്യാന്വേഷണം നടത്തി. പ്രതികളിൽ നിന്ന് പണം സ്വീകരിച്ചിട്ടുള്ളതായി സംശയിക്കുന്നുവെന്നും ശശിധരനും റിപ്പോർട്ട് നൽകിയതോടെയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഇവർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.

Story highlight: palarivattom bridge, Officers suspended for trying to sabotage probe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top