ഉന്നാവ് പീഡന കേസ്; ഇരയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുൽദീപ് സിംഗ് സെൻഗറിന് പത്ത് വർഷം കഠിനതടവ്

ഉന്നാവ് പീഡനത്തിൽ ഇരയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന് പത്ത് വർഷം കഠിനതടവ്. ഇരയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഡൽഹി തീസ് ഹസാരി കോടതി ഉത്തരവിട്ടു. കുൽദീപ് സിംഗിന്റെ സഹോദരൻ അതുൽ സെൻഗറിനെയും കോടതി ശിക്ഷിച്ചു.
ഉന്നാവിലെ പെൺക്കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ് മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗർ. ഇതിനിടെയാണ്, പെൺക്കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ സെൻഗറിനെ അടക്കം ഏഴ് പ്രതികളെ ഡൽഹി തീസ് ഹസാരി കോടതി ശിക്ഷിച്ചത്. നിയമം പാലിക്കാൻ ബാധ്യസ്ഥനായ ജനപ്രതിനിധി കുറ്റകൃത്യം ചെയ്തുവെന്ന് സെഷൻസ് ജഡ്ജി ധർമേഷ് ശർമ പറഞ്ഞു.
ഇരയുടെ അച്ഛനെ കള്ളക്കേസിൽ കുടുക്കി മർദിച്ചുകൊന്ന രീതിയെയും കോടതി പരാമർശിച്ചു. കുൽദീപ് സിംഗ് സെൻഗർ ഒരു ഇളവും അർഹിക്കുന്നില്ലെന്നും വ്യക്തമാക്കി. സഹോദരൻ അതുൽ സെൻഗറും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അടക്കം മറ്റ് ആറ് പ്രതികളും പത്ത് വർഷം കഠിനതടവ് അനുഭവിക്കണം.
2018 ഏപ്രിൽ മൂന്നിനാണ് ഇരയുടെ അച്ഛനെ ആയുധക്കേസിൽ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചു. ഉന്നാവ് ഇരയെ ട്രക്കിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ ബിജെപി എംഎൽഎ വിചാരണ നേരിടുകയാണ്.
Story highlight: Unnav rape case, Kuldeep Singh Sengar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here