2017 ഉന്നാവോ ബലാത്സംഗക്കേസ്: ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന് രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം
![Unnao rape case HC grants interim bail to Kuldeep Sengar](https://www.twentyfournews.com/wp-content/uploads/2024/12/unnao.jpg?x52840)
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന് ഇടക്കാല ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് കുല്‍ദീപിന് രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം. (Unnao rape case HC grants interim bail to Kuldeep Sengar)
കുല്‍ദീപിനെ ഡല്‍ഹി എയിംസിലെത്തിച്ച് വിശദ പരിശോധനകള്‍ നടത്തിയ ശേഷം സാധാരണ ചികിത്സ തുടരണോ മറ്റ് ആശുപത്രിയിലേക്ക് മാറ്റണോ എന്ന കാര്യം തീരുമാനിക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് നിര്‍ദേശിച്ചു. കുല്‍ദീപിനെ ഡല്‍ഹി എയിംസില്‍ മൂന്നോ നാലോ ദിവസം നിരീക്ഷിക്കണം. ശേഷം ചികിത്സ ഡല്‍ഹിയില്‍ തന്നെ മതിയോ എന്ന് നിശ്ചയിക്കണം. ആശുപത്രിയില്‍ നിന്ന് വിട്ടയയ്ക്കുകയാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായി അറിവുള്ള സ്ഥലത്ത് തന്നെ താമസിക്കണം. അതിജീവിതയുടെ കുടുംബവുമായി ബന്ധപ്പെടരുത്. കുല്‍ദീപിന്റെ നീക്കങ്ങള്‍ ലോക്കല്‍ സിബിഐ ഉദ്യോഗസ്ഥര്‍ കൃത്യമായി എയിംസ് അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ട് നിരീക്ഷിക്കണം എന്നുള്‍പ്പെടെയുള്ള വ്യവസ്ഥകളോടെയാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
Read Also: സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ
2017ലാണ് രാജ്യമെമ്പാടും ഞെട്ടലുണ്ടാക്കിയ ഉന്നാവോ സംഭവമുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുല്‍ദീപ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നായിരുന്നു പീഡനം. 9 ദിവസത്തെ കൂട്ടബലാത്സംഗത്തിനാണ് പെണ്‍കുട്ടി ഇരയായത്. പെണ്‍കുട്ടിയേയും കുടുംബത്തേയും നിരവധി മാര്‍ഗങ്ങളില്‍ അപായപ്പെടുത്താല്‍ കുല്‍ദീപും കൂട്ടരും ശ്രമിച്ചതായി പരാതിയുണ്ടായിരുന്നു. 2020 മാര്‍ച്ച് 13-ന്, ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു.
ബലാത്സംഗക്കേസില്‍ കുല്‍ദീപിന് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 10 വര്‍ഷത്തെ ജയില്‍ ശിക്ഷയും സെന്‍ഗാര്‍ അനുഭവിക്കണം. ആ കേസില്‍ ഇടക്കാല ജാമ്യത്തിനായുള്ള അദ്ദേഹത്തിന്റെ ഹര്‍ജി ഇപ്പോഴും ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിന്റെ പരിഗണനയിലാണ്. തിമിരം പോലുള്ള അസുഖങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുല്‍ദീപ് ഇടക്കാല ജാമ്യത്തിനായി അപേക്ഷിച്ചത്. മുന്‍പ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും കുല്‍ദീപിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
Story Highlights : Unnao rape case HC grants interim bail to Kuldeep Sengar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here