കേരളത്തിൽ മൂന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് മൂന്ന് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വർക്കല റിസോർട്ടിൽ താമസിച്ച ഇറ്റലിക്കാരനാണ് കൊറോണ സ്ഥിരീകരിച്ചതിൽ ഒരാൾ. മറ്റൊരാൾ യുഎഇയിൽ നിന്നെത്തിയതാണ്. വെള്ളനാട് സ്വദേശിയാണ് കൊറോണ സ്ഥിരീകരിച്ച മൂന്നാമൻ. പത്തൊൻപത് പേർ ആശുപത്രികളിൽ ചികിത്സയിലാണ്. മൂന്ന് പേർക്ക് രോഗം ഭേദമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊറോണ സംശയത്തിൽ 5468 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ
5291 പേർ വീടുകളിലും 271 പേർ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം
69 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1715 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ
1132 പേർക്ക് രോഗബാധയില്ല.
123 രാജ്യങ്ങളിൽ വൈറസ് പടർന്നുപിടിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. ഇത് ആശങ്കയോടെയാണ് നോക്കി കാണുന്നത്. സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി മുന്നേറുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മികച്ച ഇടപെടൽ നടത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here