അങ്കിത് ശർമ കൊല്ലപ്പെട്ടത് മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്തേറ്റ്; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ഡൽഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്തേറ്റാണ് അങ്കിത് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അങ്കിതിന് പന്ത്രണ്ട് തവണ കുത്തേറ്റതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 26 നാണ് അങ്കിത് ശർമ്മയുടെ മൃതദേഹം ചന്ദ് ബാഗിലെ അഴുക്ക് ചാലിൽ നിന്ന് കണ്ടെത്തിയത്. ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ അങ്കിത് ശർമയെ കാണാതാവുകയായിരുന്നു. ഡൽഹി പൊലീസിൽ സബ് ഇൻസ്‌പെക്ടറായ അച്ചൻ ദേവേന്ദർ ശർമ്മയും കുടുംബാംഗങ്ങളും തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രദേശത്തെ അഴുക്കു ചാലിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.
കേസിൽ ആം ആദ്മി കൗൺസിലറായ താഹിർ ഹുസൈനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താഹിർ ഹുസൈനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ ആരോപണ വിധേയനായതിന് പിന്നാലെ താഹിറിനെ എഎപി പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതിന് പിന്നാലെ സൽമാൻ എന്ന ആളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here