യുഎപിഎ കേസ്; അലനേയും താഹയേയും വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലനേയും താഹയേയും വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. കൊച്ചി പ്രത്യേക എൻഐഎ കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കും.

പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎയുടെ ആവശ്യം. ഇവരുടെ മൊബൈലുകൾ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് വാദം. ഡിജിറ്റൽ തെളിവുകൾ ശക്തമാണെന്നും കേസിന്റെ മുന്നോട്ടുള്ള പോക്കിന് കസ്റ്റഡി അനിവാര്യമാണെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു. അപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.

അതേസമയം, നേരത്തേ കേസ് ഏറ്റെടുത്തതിന് പിന്നാലെ എൻഐഎ ഇരുവരേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇരുവരും മൂന്ന് മാസത്തിലേറെയായി റിമാന്റിലാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന ഉസ്മാൻ എന്ന വ്യക്തി രക്ഷപ്പെടുകയും മാവോയിസ്റ്റ് സായുധ സേനയിൽ ചേർന്നതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. കേസ് തിരികെ വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനം സമർപ്പിച്ച അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

story highlights- alan shuhaib, thaha, UAPA case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top