പ്രളയഫണ്ട് തട്ടിപ്പ്: ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ നടത്തണമെന്ന് കോണ്‍ഗ്രസ്

പ്രളയഫണ്ട് തട്ടിപ്പിനെ പറ്റി ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ നടത്തണമെന്ന് കോണ്‍ഗ്രസ്. പൊലീസ് അന്വേഷണം തട്ടിപ്പിലെ മുഴുവന്‍ ആളുകളെയും കണ്ടെത്തുന്നതിന് പര്യാപ്തമല്ല. കൊറോണ ഭീതിയുടെ മറവില്‍ പ്രളയഫണ്ട് തട്ടിപ്പ് ഒളിപ്പിക്കാന്‍ സിപിഐഎം ശ്രമിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയ എറണാകുളത്തെ പ്രളയഫണ്ട് തട്ടിപ്പില്‍ വിശദമായ അന്വേഷണം വേണമെന്ന് എറണാകുളം ഡിസിസിയാണ് ആവശ്യപ്പെട്ടത്. സിപിഐഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നു എന്നാണ് കോണ്‍ഗ്രസ് വാദം. തട്ടിപ്പിനായി ഉപയോഗിച്ച അയ്യനാട് സഹകരണ ബാങ്ക് പിരിച്ച് വിടണം. തട്ടിപ്പിലെ സിപിഐഎം നേതാക്കളുടെ പങ്ക് വെളിപ്പെടണമെങ്കില്‍ സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണം.

335 ബാങ്ക് അക്കൗണ്ടുകളിലേക്ക് തെറ്റായി അയച്ച 8.15 കോടി രൂപ തിരിച്ചുവന്നതില്‍ വന്‍ ക്രമക്കേടുണ്ട്. 2019 ജനുവരി മുതല്‍ തട്ടിപ്പിനായി ഗൂഢാലോചന നടത്തി. അയ്യനാട് സഹകരണ ബാങ്കിന് ഫെഡറല്‍ ബാങ്കിലുള്ള അക്കൗണ്ട് തട്ടിപ്പിനായി ഉപയോഗിച്ചു. ഇത് ഗൂഢാലോചനയില്ലാതെ സാധ്യമാകില്ലെന്നും നേതാക്കള്‍ ആരോപിച്ചു. തട്ടിപ്പ് വെളിവായിട്ടും ക്രിമിനല്‍ കേസെടുക്കാന്‍ 20 ദിവസം വൈകി.

എല്ലാ ജില്ലകളിലെയും പ്രളയഫണ്ട് വിതരണം പ്രത്യേകം ഓഡിറ്റ് നടത്തി കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Story Highlights: Flood-fund scam: Congress wants judicial probe or CBI probe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top