ഐഐഎം ബിരുദ ദാന ചടങ്ങ് മാറ്റിവച്ചു

ഏപ്രിൽ മൂന്ന്, നാല് തീയതികളിലായി നടത്താനിരുന്ന കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് 22 മത് വാർഷിക ബിരുദ ദാന ചടങ്ങ് മാറ്റിവച്ചു. ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജിയാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കൊവിഡ് 19 പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ മാനിച്ചാണ് ചടങ്ങ് മാറ്റി വച്ചത്. വിവിധ പ്രോഗ്രാമുകളിലായി 663 വിദ്യാർഥികൾക്കാണ് ബിരുദം നൽകാനിരുന്നത്.

അതേസമയം, പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നെത്തിയ വ്യക്തിക്ക് കൊവിഡ് 19 ലക്ഷണങ്ങളുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഇദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. തൃശൂരിലും കണ്ണൂരിലും രോഗബാധ കണ്ടെത്തിയ വ്യക്തികളുടെ ആരോഗ്യനില തൃപ്തികരമാണ്.

ഇറ്റലിയിൽ നിന്നെത്തിയ വ്യക്തിയെ രണ്ടുദിവസം മുൻപാണ് നിരീക്ഷണത്തിനായി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് കൊവിഡ് 19ന് സമാനമായ രോഗലക്ഷണങ്ങളുണ്ടെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. എന്നാൽ ആരോഗ്യനില തൃപ്തികരമാണ്.

തൃശൂരിൽ രോഗബാധ കണ്ടെത്തിയ യുവാവിന്റെ നിലയും തൃപ്തികരമാണ്. വൈകിട്ട് ചില പരിശോധനാഫലങ്ങൾ കൂടി വരും. പുലർച്ചെ കുൽബുർഗിയിൽ നിന്നുമെത്തിയ പതിനൊന്നംഗ മെഡിക്കൽ വിദ്യാർഥി സംഘത്തിലെ ഒരാൾക്ക് രോഗലക്ഷണങ്ങളുണ്ട്. ഇയാളെ ജനറൽ ആശുപത്രിയിലേക്കും മറ്റുള്ളവരെ വീടുകളിലും നിരീക്ഷിക്കും.

കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗിക്കൊപ്പം നിരീക്ഷണത്തിലായ മറ്റുള്ളവർക്കും ആരോഗ്യപ്രശ്‌നങ്ങളില്ല. ജില്ലയിൽ നിലവിൽ 45 പേർ ഐസൊലേഷൻ വാർഡുകളിലും 260 പേർ വീടുകളിലുമായാണ് നിരീക്ഷണത്തിലുള്ളത്. 15 പേരുടെ ഫലങ്ങൾ ഇനി ലഭിക്കണം.

Story Highlights- iim convocation postponed, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top