കമൽനാഥ് സർക്കാർ തിങ്കളാഴ്ച വിശ്വാസം തെളിയിക്കണമെന്ന് ഗവർണർ
മധ്യപ്രദേശിൽ ഭരണപ്രതിസന്ധി രൂക്ഷമായി തുടരവേ നാളെ വിശ്വാസം തെളിയിക്കാൻ മുഖ്യമന്ത്രി കമൽനാഥിന് ഗവർണർ ലാൽജി ടണ്ഠന്റെ നിർദേശം. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി നേതാക്കൾ ഗവർണറെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു.
ഇരുപത്തിരണ്ട് എം.എൽ.എമാർ രാജിവച്ചതോടെ കമൽനാഥ് സർക്കാർ ന്യൂനപക്ഷമായെന്ന് ബിജെപി നേതാക്കൾ ഗവർണർ ലാൽജി ടണ്ഠനെ അറിയിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾക്കകമാണ് ബിജെപി നേതാക്കളുടെ ആവശ്യം ഗവർണർ അംഗീകരിച്ചത്. ബജറ്റ് സമ്മേളനം തുടങ്ങുന്ന നാളെ തന്നെ മുഖ്യമന്ത്രി കമൽനാഥ് വിശ്വാസം തെളിയിക്കണം. ഗവർണറുടെ തീരുമാനം വന്നതോടെ കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി നീക്കം ഊർജിതമാക്കി.
ഇതിനിടെ, സുരക്ഷാപ്രശ്‌നം കാരണം ഭോപ്പാലിലേയ്ക്ക് എത്താൻ കഴിയുന്നില്ലെന്നും സി.ആർ.പി.എഫ് സുരക്ഷ ഒരുക്കണമെന്നും വിമത കോൺഗ്രസ് എം.എൽ.എമാർ ഗവർണർക്ക് ഇമെയിൽ അയച്ചു. വെള്ളിയാഴ്ച ഭോപ്പാലിലേയ്ക്ക് യാത്ര തീരുമാനിച്ചെങ്കിലും അവസാന നിമിഷം റദ്ദാക്കിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്താണ് വിമതർ അർധസൈനിക സുരക്ഷ ആവശ്യപ്പെട്ടത്.
അതേസമയം, ബംഗളൂരുവിൽ പാർപ്പിച്ചിരിക്കുന്ന വിമത എം.എൽ.എമാരെ സുരക്ഷിതമായി മധ്യപ്രദേശിൽ എത്തിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രി കമൽനാഥ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. നിയമസഭാ സ്പീക്കറെ കാണാൻ എം.എൽ.എമാർക്ക് സുരക്ഷയൊരുക്കേണ്ടത് മുഖ്യമന്ത്രിയെന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്നും കമൽനാഥ് വ്യക്തമാക്കി.
story highlights- madhyapradesh, kamalnath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here