മധ്യപ്രദേശ് പ്രതിസന്ധി; കൊവിഡ് 19 വിഷയമാക്കി ബജറ്റ് സമ്മേളനം നീട്ടി വയ്ക്കാൻ കോൺഗ്രസ് ശ്രമം

മധ്യപ്രദേശിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളിൽ കോൺഗ്രസും ബിജെപിയും. വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തുന്നത് ഒഴിവാക്കാൻ കൊവിഡ് 19 വിഷയമുയർത്തി ബജറ്റ് സമ്മേളനം നീട്ടി വയ്ക്കാനാണ് കോൺഗ്രസ് ശ്രമമെന്നാണ് സൂചന. രാത്രി കോൺഗ്രസ് നിയമസഭാ കക്ഷി യോഗം മുഖ്യമന്ത്രി കമൽനാഥ് വിളിച്ചിട്ടുണ്ട്. സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ലാൽജി ടണ്ഠൻ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് നിർദേശം നൽകിയിയിരുന്നു. നിയമസഭാ കാര്യങ്ങളിൽ അന്തിമ തീർപ്പ് സ്പീക്കർക്കാണെന്നിരിക്കെ ഗവർണറുടെ നിർദേശം സ്പീക്കർ അംഗീകരിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
Read Also: മധ്യപ്രദേശ് പ്രതിസന്ധി; കോൺഗ്രസ് എംഎൽഎമാർ തിരികെ ഭോപ്പാലിൽ എത്തി
സമ്മേളനം നീട്ടി വച്ചാൽ ബിജെപി സുപ്രിം കോടതിയെ സമീപിക്കുമെന്നാണ് സൂചന. അതിനിടെ കേന്ദ്ര മന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, നരേന്ദ്ര തോമർ, നേതാക്കളായ ശിവരാജ് സിംഗ് ചൗഹാൻ ,ജ്യോതിരാധിത്യ സിന്ധ്യ എന്നിവർ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമായി കൂടിക്കാഴ്ച നടത്തി. ജയ്പൂരിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് എംഎൽഎമാർ തിരികെ ഭോപ്പാലിൽ എത്തി. ആറ് കോണ്ഗ്രസ് എംഎൽഎന്മാരുടെ രാജി സ്പീക്കർ അംഗീകരിച്ചു. ഇതോടെ നിയമസഭയുടെ അംഗബലം 222 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. എന്നാൽ കോൺഗ്രസ് പക്ഷത്ത് നിലവിൽ 99 അംഗങ്ങൾ മാത്രമാണ് ഉള്ളത്.
അതേസമയം മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ടുവെന്ന് റിപ്പോർട്ടുകൾ. എംഎൽഎമാരായ ജെ വി കക്കാഡിയയും സോമാ പട്ടേലും കോൺഗ്രസിൽ നിന്ന് രാജിവച്ചുവെന്ന വാർത്ത കോൺഗ്രസ് നിഷേധിച്ചു. പാർട്ടി വിടുമെന്ന് അഭ്യൂഹമുള്ള 13 എംഎൽഎമാരും പാർട്ടിക്കൊപ്പമുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് തലവേദനയായിരിക്കുകയാണ്. എംഎൽഎമാരെ ഗുജറാത്തിൽ നിന്ന് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിത്തുടങ്ങി. കോൺഗ്രസിലെ അതൃപ്തരെ മറുകണ്ടം ചാടിക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിമതരുടെ വോട്ട് ഉറപ്പിക്കാനാണ് നീക്കം.
coronavirus, bjp, congress, madhyapradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here