ആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; യുവാവ് അറസ്റ്റിൽ

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ. വെട്ടത്തൂർ മണ്ണാർമലയിലെ കൈപ്പിള്ളി വീട്ടിൽ അൻഷാദി(35)നെയാണ് മേലാറ്റൂർ എസ്.ഐ പി.എം ഷമീർ അറസ്റ്റ് ചെയ്തത്. അൻഷാദ് മലബാറി എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് വിവാദ പരാമർശം പോസ്റ്റ് ചെയ്തത്.
മറ്റൊരു പോസ്റ്റിന് നൽകിയ കമന്റിലൂടെയാണ് ആരോഗ്യ മന്ത്രിക്കെതിരെ ഇയാൾ സഭ്യേതര പരാമർശം നടത്തിയിരുന്നത്. സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി നിരവധി പേർ ഇയാളുടെ ഫേസ്ബുക്ക് പേജിൽ എത്തിയതോടെ ഈ പോസ്റ്റ് നീക്കം ചെയ്തു. മാപ്പ് അപേക്ഷിച്ചുകൊണ്ട് പുതിയൊരു കുറിപ്പും ഇയാൾ ശനിയാഴ്ച ഉച്ചയോടെ പോസ്റ്റ് ചെയ്തിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രകോപനം സൃഷ്ടിച്ച് ലഹളയും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമിച്ച കുറ്റത്തിനും അനാവശ്യ പരാമർശങ്ങൾ നടത്തി ശല്യപ്പെടുത്തിയ കുറ്റത്തിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. പ്രതിയെ ജാമ്യത്തിൽ വിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here