കൊറോണ: പുതിയ പ്രഭവകേന്ദ്രമായി യൂറോപ്പ്: ലോകാരോഗ്യ സംഘടന

കൊവിഡ്-19 ന്റെ പുതിയ പ്രഭവകേന്ദ്രമായി യൂറോപ്പ് മാറിയെന്ന് ലോകാരോഗ്യ സംഘടന. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിൽ നിന്ന് വൈറസ് പിന്മാറി തുടങ്ങിയപ്പോൾ യൂറോപ്പിൽ രോഗബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. 122 രാജ്യങ്ങളിലായി ഒന്നര ലക്ഷത്തോളം പേർക്ക് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചു. പുതിയ സാഹചര്യത്തിൽ വൈറസ് വ്യാപനം തടയുന്നതിൽ ലോക രാജ്യങ്ങൾ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗബ്രിയേസൂസ് ആവശ്യപ്പെട്ടു.

Read Also: കൊറോണയെ നേരിടാൻ ‘ഗോമൂത്ര പാർട്ടി’ യുമായി ഹിന്ദു മഹാസഭ

ഇതുവരെ 5,540 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. അമേരിക്കയിലും സ്‌പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 250ത്തിൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലിയിലെ മരണ സംഖ്യ 1,266 ആയും വൈറസ് ബാധിതരുടെ എണ്ണം 17,660 വർധിച്ചു. പുതുതായി 40ൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്ത സ്പെയിനിലെ മരണ സംഖ്യ 136 ആയി ഉയർന്നു. ഫ്രാൻസ്, ജർമനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെയും കാര്യങ്ങൾ സങ്കീർണമാണ്. ലണ്ടനിൽ നവജാത ശിശുവിന് കൊവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ അമ്മയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ മണിക്കൂറിൽ പത്ത് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്ത ബ്രിട്ടനിൽ മരണ സംഖ്യ 20 ആയി. 798 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാൻസിൽ 79 മരണങ്ങളും 3,661 വൈറസ് ബാധയും സ്ഥിരീകരിച്ചപ്പോൾ ജർമനിയിൽ എട്ട് മരണങ്ങളും 3,062 വൈറസ് കേസുകളും റിപ്പോർട്ട് ചെയ്തു.

 

coronavirus, who

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top