ഭുവിയും ബുംറയും ഔട്ടാക്കുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണർന്നിട്ടുണ്ട്: ആരോൺ ഫിഞ്ച്

ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയും തൻ്റെ വിക്കറ്റെടുക്കുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണർന്നിട്ടുണ്ടെന്ന് ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. 2018ൽ ഇന്ത്യക്കെതിരെ നടന്ന പരമ്പരക്കിടയിലെ സംഭവമാണ് ഫിഞ്ച് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. പരമ്പരയിൽ മോശം പ്രകടനമാണ് ഫിഞ്ച് കാഴ്ച വച്ചത്. ആമസോൺ പ്രൈം റിലീസ് ചെയ്ത ‘ദി ടെസ്റ്റ്’ എന്ന ഡോക്യുമെൻ്ററിയിലൂടെയാണ് ഫിഞ്ചിൻ്റെ വെളിപ്പെടുത്തൽ.

“ഞാൻ ഉറക്കത്തിൽ നിന്ന് വിയർത്ത് എഴുന്നേൽക്കുമായിരുന്നു. ഇൻസ്വിംഗ് പന്തുകളിൽ ഭുവനേശ്വർ കുമാർ എന്നെ ഒട്ടേറെ തവണ പുറത്താക്കി. ചിലപ്പോഴൊക്കെ ഞാൻ രാത്രിയിൽ എഴുന്നേറ്റിരുന്ന് ഞാൻ എങ്ങനെ നാളെ പുറത്താകും എന്ന് ചിന്തിക്കുമായിരുന്നു. ബുംറയെ എങ്ങനെ നേരിടുമെന്നായിരുന്നു എൻ്റെ ചിന്ത. എന്നെ അയാൾ വെറുതേ പുറത്താക്കിക്കൊണ്ടിരിക്കുകയായിരുന്നു.”- ഫിഞ്ച് പറഞ്ഞു.

പര്യടനത്തിൽ നാലു തവണയാണ് ഭുവനേശ്വർ കുമാർ ഫിഞ്ചിനെ പുറത്താക്കിയത്. മൂന്ന് ഏകദിനങ്ങളിലും ഒരു ടി-20യിലും ഫിഞ്ച് ഭുവിയുടെ ഇരയായി. പരമ്പരയിൽ ഇന്ത്യയുടെ തേരോട്ടമായിരുന്നു കണ്ടത്. ബോർഡർ-ഗവാസ്കർ ട്രോഫി 3-1ന് നേടിയ ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ജയമാണ് കുറിച്ചത്. ഏകദിനത്തിൽ 2-1നു വിജയിച്ച ഇന്ത്യ ടി-20 1-1നു സമനിലയാക്കി.

ടെസ്റ്റ് പരമ്പരയിൽ ബുംറയുടെ സമാനതകളില്ലാത്ത പ്രകടനമാണ് ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മാനിച്ചത്. 21 വിക്കറ്റുകളുമായി പരമ്പായിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതായിരുന്നു ബുംറ.

ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്ന ‘ദി ടെസ്റ്റ്’ 2018ലെ പന്ത് ചുരണ്ടൽ വിവാദത്തിനു ശേഷം തിരികെ വന്ന് ആഷസ് സ്വന്തമാക്കിയ ഓസ്ട്രേലിയയുടെ കഥയാണ് പറയുന്നത്.

Story Highlights: I had nightmares thinking about Bhuvneshwar and Bumrah getting me out: Aaron Finch

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top