കൊവിഡ് 19; യുഎഇയിൽ സുരക്ഷ നടപടികൾ ശക്തമാക്കി

കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ യുഎഇയിൽ സുരക്ഷ നടപടികൾ ശക്തമാക്കി. വിനോദ കേന്ദ്രങ്ങളും, പൊതു പാർക്കുകളും എല്ലാം അടച്ചതായി അധികൃതർ അറിയിച്ചു. പുതിയ വിസ നൽകുന്നതും യുഎഇ താത്ക്കാലികമായി നിർത്തിവച്ചു.

കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള നടപടികൾ യുഎഇ ശക്തമാക്കി. സർക്കാർ ജീവനക്കാർ ഇനി രണ്ടാഴ്ചത്തേക്ക് വീട്ടിൽ ഇരുന്നു ജോലി ചെയ്യാനുള്ള നിർദേശം നൽകി. വിവിധ വകുപ്പുകളുടെ ഡിജിറ്റൽ സേവനം പ്രയോജനപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. കൂടാതെ കുട്ടികൾക്കും ഇ ലേർണിംഗ് നടപ്പിലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എമിറേറ്റുകളിൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ എല്ലാം അടച്ചു.

കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി എല്ലാ പാർക്കുകളും വിനോദ സ്ഥലങ്ങളും അടച്ചതായി ദുബായി മുനിസിപ്പാലിറ്റി ഞായറാഴ്ച അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും മുൻകരുതൽ നടപടികൾക്ക് അനുസൃതമായി ദുബായി മുനിസിപ്പാലിറ്റി എല്ലാ പൊതു പാർക്കുകളും വിനോദ കേന്ദ്രങ്ങളും താൽക്കാലികമായി അടയ്ക്കുന്നു എന്ന് ദുബായി മീഡിയ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.

തിയറ്ററുകൾ, തീം പാർക്കുകൾ, അമ്യൂസ്‌മെന്റ്, ഇലക്ട്രോണിക് ഗെയിം സെന്ററുകൾ, ബോഡിബിൽഡിംഗ്/ഫിറ്റ്‌നസ് ജിമ്മുകൾ, സ്പ്രിംഗ് ക്യാമ്പുകൾ , മസാജ് പാർലറുകൾ എന്നിവയും മാർച്ച് അവസാനം വരെ എല്ലാ പ്രവർത്തനങ്ങളും സേവനങ്ങളും നിർത്തിവയ്ക്കാനും നിർദ്ദേശം നൽകി. ഗ്ലോബൽ വില്ലേജിന്റെ ഈ സീസണും ഇന്നത്തോടെ സമാപനമായി എന്ന് ഗ്ലോബൽ വില്ലജ് അധികൃതർ അറിയിച്ചു .

അതേസമയം, യുഎഇയിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാന സെർവീസുകളും നിർത്തിവച്ചതായുള്ള വാർത്തകൾ വ്യാജമെന്ന് ദുബായി എയർപോർട്ട് അധികൃതർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top