കൊവിഡ് 19; ബ്രിട്ടണിൽ നിന്ന് തിരിച്ചെത്തിയ ഡിജിപി മുഖ്യമന്ത്രിക്കൊപ്പം പൊതുപരിപാടിയിൽ; വിവാദം

കൊവിഡ് 19 ഭീഷണിക്കിടെ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിക്കൊപ്പം അവലോകന യോഗത്തിലും പൊതു പരിപാടിയിലും പങ്കെടുത്തത് വിവാദത്തിൽ. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവർക്കായുള്ള നിരീക്ഷണ നിയന്ത്രണം ലംഘിച്ചുവെന്നായിരുന്നു ആരോപണമുയർന്നത്. അതേ സമയം നിയമാനുസൃതമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് പരിപാടികളിൽ പങ്കെടുത്തതെന്നാണ് ഡിജിപിയുടെ വിശദീകരണം.
കൊവിഡ് 19 ബാധിത പ്രദേശത്ത് നിന്നെത്തുന്നവർ രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിൽ പോലും 28 ദിവസം വീട്ടിൽ കഴിയണമെന്നാണ് ആരോഗ്യ കുപ്പിന്റെ നിർദേശം. രോഗബാധിതനാകാനുള്ള സാധ്യത കുറവാണെങ്കിലും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. മാർച്ച് രണ്ടിനാണ് സംസ്ഥാന പൊലീസ് മേധാവി കോൺഫറൻസിൽ പങ്കെടുക്കാനായി ബ്രിട്ടനിൽ പോയത്. മാർച്ച് ആറിന് തിരിച്ചെത്തുകയും ചെയ്തു. എന്നാൽ സർക്കാരിന്റെ കൊവിഡ് 19 മാർഗനിർദേശം സംസ്ഥാന പൊലീസ് മേധാവി ലംഘിച്ചുവെന്നാണ് ആരോപണമുയർന്നത്. കൂടാതെ മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും, ചീഫ് സെക്രട്ടറിയുമടക്കം പങ്കെടുത്ത കൊവിഡ് 19 അവലോകന യോഗത്തിൽ ഡിജിപി പങ്കെടുക്കുകയും ചെയ്തു. നിയമസഭയ്ക്ക് മുന്നിൽ നടന്ന പൊതുപരിപാടിയിലും പൊലീസ് ആസ്ഥാനത്തെ സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട പരിപാടിയിലും ഡിജിപി പങ്കെടുത്തിരുന്നു. എന്നാൽ തിരിച്ച് വന്ന കാലയളവിൽ ആരോഗ്യവകുപ്പിന്റെ പട്ടികയിൽ ബ്രിട്ടൻ ഉൾപ്പെട്ടിരുന്നില്ലെന്നാണ് ഡിജിപിയുടെ വിശദീകരണം.
Read Also: തൃശൂരിൽ കൊവിഡ് 19 സംശയിച്ച് ഡോക്ടറെ വീട്ടിൽ പൂട്ടിയിട്ടു
കൂടാതെ വിമാനത്താവളത്തിൽ വച്ചുതന്നെ തെർമൽ സ്‌കാനിംഗ് അടക്കം വിധേയനായെന്നും പൂരിപ്പിച്ച് നൽകേണ്ട രണ്ട് ഫോറങ്ങളും പൂരിപ്പിച്ചു നൽകിയിരുന്നുവെന്നും ഇതിനെ തുടർന്നാണ് വീട്ടിൽ പോകാൻ അനുവദിച്ചതെന്നും ഡിജിപി വിശദീകരിക്കുന്നു.
loknath behra, coronanvirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here