ഗുജറാത്ത് കോൺഗ്രസ് പ്രതിസന്ധി; ഹൈക്കമാൻഡ് ഇടപെടൽ

ഗുജറാത്ത് കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടൽ. ഇടഞ്ഞു നിൽക്കുന്ന എംഎൽഎമാരുമായി ചർച്ച നടത്താൻ എഐസിസി നിരീക്ഷകർ ഇന്ന് അഹമ്മദാബാദിലെത്തും. അതേസമയം, വിമത കോൺഗ്രസ് എംഎൽഎമാരുടെ വോട്ട് തങ്ങളുടെ രാജ്യസഭാ സ്ഥാനാർത്ഥികൾക്ക് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. മുതിർന്ന നേതാക്കളായ ബി കെ ഹരിപ്രസാദിനെയും രജ്‌നി പട്ടേലിനെയുമാണ് ചർച്ചകൾക്കായി എഐസിസി ചുമതലപ്പെടുത്തിയത്. രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്ത് ഘടകത്തിൽ ഉണ്ടായ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമം. ബിജെപിയുടെ നീക്കം തടഞ്ഞില്ലെങ്കിൽ കോൺഗ്രസിന് ഒരു രാജ്യസഭാ സീറ്റ് നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. രാജിവച്ച നാല് എംഎൽഎമാരുടെയും പേര് ഇന്ന് പുറത്തുവിടുമെന്ന് സ്പീക്കർ രാജേന്ദ്ര ത്രിവേദി വ്യക്തമാക്കിയിട്ടുണ്ട്. പതിനാല് എംഎൽഎമാരെ കോൺഗ്രസ് ജയ്പൂരിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ കാണാതായ ജെ വി കക്കാഡിയയും സോമാ പട്ടേലും അടക്കം നാല് വിമതരാണ് സ്പീക്കർക്ക് രാജി കത്ത് നൽകിയത്. ഇവരുടെ രാജി സ്വീകരിച്ചതോടെ കോൺഗ്രസിന്റെ അംഗബലം 69 ആയി ചുരുങ്ങി. 103 അംഗങ്ങളുള്ള ബിജെപിക്ക് മൂന്ന് രാജ്യസഭാ സ്ഥാനാർത്ഥികളെ ജയിപ്പിക്കാൻ 110 ഫസ്റ്റ് വോട്ടുകൾ ആവശ്യമാണ്. കോൺഗ്രസ് വിമതരെ സ്വന്തം പാളയത്ത് എത്തിച്ച് രാജ്യസഭാ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്കുക്കൂട്ടൽ.

Read Also: ചന്ദ്രശേഖർ ആസാദിന്റെ പുതിയ പാർട്ടി; പ്രഖ്യാപനം ബിഎസ്പി നേതാവ് കൻഷിറാമിന്റെ ജന്മദിനത്തിൽ

കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എംഎൽഎമാരായ ജെ വി കക്കാഡിയയും സോമാ പട്ടേലും കോൺഗ്രസിൽ നിന്ന് രാജിവച്ചുവെന്ന വാർത്ത കോൺഗ്രസ് നിഷേധിച്ചിരുന്നു. പാർട്ടി വിടുമെന്ന് അഭ്യൂഹമുള്ള 13 എംഎൽഎമാരും പാർട്ടിക്കൊപ്പമുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് തലവേദനയായിരിക്കുകയാണ്. കോൺഗ്രസിലെ അതൃപ്തരെ മറുകണ്ടം ചാടിക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിമതരുടെ വോട്ട് ഉറപ്പിക്കാനാണ് നീക്കം.

 

gujarat, congress crisis, highcommand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top