ചന്ദ്രശേഖർ ആസാദിന്റെ പുതിയ പാർട്ടി; പ്രഖ്യാപനം ബിഎസ്പി നേതാവ് കൻഷിറാമിന്റെ ജന്മദിനത്തിൽ

പുതിയ പാർട്ടിയുമായി ചന്ദ്രശേഖർ ആസാദ്. ബിഎസ്പി സ്ഥാപക നേതാവ് കാൻഷി റാമിന്റെ ജന്മദിനത്തിൽ നോയിഡയിലെ സെക്ടർ 70ലെ ബസായി ഗ്രാമത്തിലായിരുന്നു പാർട്ടി പ്രഖ്യാപനം നടത്തിയത്. ആസാദ് സമാജ് പാർട്ടി എന്നാണ് പാര്‍ട്ടിയുടെ പേരെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാർട്ടിയുടെ പതാക നീല നിറത്തിലുള്ളതാണ്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവക്കെതിരെ നടക്കുന്ന സമരങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന ഭീം ആർമി പുതിയ പാർട്ടിയുടെ സാമൂഹിക സാംസ്‌കാരിക വിഭാഗമായി തുടരും. ഭീം ആർമി പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. 28 മുൻ എംഎൽഎമാരും ആറ് മുൻ എംപിമാരും ചടങ്ങില്‍ പങ്കെടുത്തു.

Read Also: പൗരത്വ നിയമ ഭേദഗതി പിൻവലിച്ച് കേന്ദ്രസർക്കാർ മാപ്പുപറയുന്നത് വരെ പോരാട്ടം തുടരും : ചന്ദ്രശേഖർ ആസാദ്

പാർട്ടി പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്ത തിയതി തന്നെ തർക്കങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ ദളിത് വോട്ടുകളിൽ വലിയൊരു ഭാഗം കൈവശപ്പെടുത്തിയ മായാവതിക്ക് പുതിയ പാർട്ടിയുടെ രൂപീകരണം വെല്ലുവിളിയാണോ എന്നാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്ന ചോദ്യം. ഇതിനെ കുറിച്ച് ചർച്ച ചെയ്യാനായി പാർട്ടി നേതാക്കളുടെ യോഗം മായാവതി ഏപ്രിൽ ആദ്യത്തിൽ തന്നെ വിളിച്ചു ചേർത്തിട്ടുണ്ട്. ചില ബിഎസ്പി നേതാക്കളുമായി ചന്ദ്രശേഖർ ആസാദ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നേതാക്കളെ പുതിയ പാർട്ടിയിൽ എത്തിക്കാൻ നീക്കം നടത്തുന്നതായുമാണ് വിവരം. 2022ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി അഞ്ച് ചെറുപാർട്ടികൾ ചേർന്ന് രൂപീകരിച്ച ഭാഗിദരി സങ്കൽപ് മോർച്ചയിൽ ചേരുമെന്ന് മാർച്ച് രണ്ടിന് ലഖ്‌നൗവിൽ വച്ച് ചന്ദ്രശേഖർ ആസാദ് പറഞ്ഞിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ജുമാ മസ്ജിദിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത ചന്ദ്രശേഖർ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

chandrasekhar azad, new party

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top