കൊറോണ; സിനിമാ സംഘടനകളുടെ യോഗം മാറ്റിവച്ചു

സിനിമാ സംഘടനകളുടെ യോഗം മാറ്റിവച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് യോഗം മാറ്റിവച്ചത്. കൊച്ചിയിൽ സിനിമാ സംഘടനകളുടെ സംയുക്ത യോഗം ഇന്ന് ചേരുമെന്നായിരുന്നു വിവരം. ഇതുവരെയുള്ള സാഹചര്യങ്ങൾ വിലയിരുത്തിയശേഷം മാർച്ചിന് ശേഷമുള്ള റിലീസുകളുടെ കാര്യത്തിൽ ഉൾപ്പെടെ തീരുമാനം എടുക്കുന്നതിനായാണ് യോഗം ചേരാനിരുന്നത്. സംസ്ഥാനത്ത് നിലവിൽ മാർച്ച് 31 വരെ സിനിമാ തിയറ്ററുകൾ അടച്ചിടാനായിരുന്നു തീരുമാനം. നിലവിലെ സാഹചര്യത്തിൽ ഇക്കാര്യത്തിൽ എന്തെങ്കിലും മാറ്റം വേണമോയെന്നും തീരുമാനിക്കാനായിരുന്നു യോഗം. കോവിഡ് 19യുടെ പശ്ചാത്തലത്തിൽ സിനിമ ചിത്രീകരണങ്ങളുൾപ്പെടെ നിർത്തി വച്ചിരുന്നു.

Read Also: കൊവിഡ് 19 : എറണാകുളത്ത് 32 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ

അതേസമയം സംസ്ഥാനത്തെ കൊറോണ ബാധയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം ചേരും. വൈകിട്ട് 4ന് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുക്കും. കൊറോണ ബാധിതനായ ഇറ്റലി സ്വദേശി താമസിച്ച വർക്കലയിൽ ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലും യോഗം ചേരുന്നുണ്ട്.

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരുവനന്തപുരത്ത് ചേരുന്ന സർവകക്ഷി യോഗം ചർച്ച ചെയ്യും. സെൻസസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സർവകക്ഷി യോഗം വിളിച്ചിരുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഇക്കാര്യവും യോഗത്തിന്റെ പരിഗണനാ വിഷയമാക്കുകയായിരുന്നു. കൊറോണ ബാധിതരെ കണ്ടെത്തുന്നതിലും നിരീക്ഷിക്കുന്നതിലും സർക്കാരിന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സർവകക്ഷി യോഗത്തിൽ ഇക്കാര്യം അവർ ആവർത്തിക്കും. സർക്കാരാകട്ടെ കൊറോണ വ്യാപകമാകാതിരിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കും. കൊറോണ ബാധിതനായ ഇറ്റലി സ്വദേശി താമസിച്ച വർക്കലയിൽ ആശങ്ക അകറ്റാനും തുടർ നടപടികൾ തീരുമാനിക്കാനും യോഗം ചേരുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ എംഎൽഎമാരുടെ യോഗവും ഇന്ന് സർക്കാർ വിളിച്ചിട്ടുണ്ട്.

 

coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top