‘എനിക്കും താങ്കളെ പോലെ നടനാവണം’; ഗിന്നസ് പക്രുവിനു നന്ദി അർപ്പിച്ച് ക്വാഡൻ ബെയിൽസ്

ഉയരക്കുറവിൻ്റെ പേരിൽ സഹപാഠികൾ പരിഹസിച്ച ക്വാഡന്‍ ബെയില്‍സ് എന്ന 9 വയസ്സുകാരൻ്റെ കഥ ലോകം മുഴുവൻ അറിഞ്ഞതാണ്. ലോക വ്യാപകമായി ഒട്ടേറെ ആളുകൾ ക്വാഡന് പിന്തുണ അർപ്പിച്ചിരുന്നു. സാധാരണക്കാരും സെലബ്രിറ്റികളും അടങ്ങുന്ന ഒരു കൂട്ടം ആളുകൾ ക്വാഡനെ ആശ്വസിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും രംഗത്തെത്തി. ഇതിൽ പെട്ട ഒരാളായിരുന്നു മലയാളിയുടെ സ്വന്തം ഗിന്നസ് പക്രു. ഇപ്പോൾ ഗിന്നസ് പക്രുവിന് നന്ദി പറഞ്ഞ് ക്വാഡൻ രംഗത്തെത്തിയിരിക്കുകയാണ്. ഓസ്ട്രേലിയയിലെ ദേശീയ മാധ്യമമായ എസ്.ബി.എസ് മലയാളത്തിലൂടെയാണ് ക്വാഡൻ നന്ദി അറിയിച്ചത്. വിവരം ഗിന്നസ് പക്രു തന്നെ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.
‘പക്രുവിന്റെ പോലെ ക്വാഡന്റെയും ആഗ്രഹം ഒരു അഭിനേതാവ് ആകുകയെന്നുള്ളതാണ്. അവനും അദ്ദേഹത്തെപ്പോലെ നടനാകണം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ മകന് വലിയ പ്രചോദനമാണ് നൽകിയത്. ശ്രവണ സഹായിയുടെ സഹായത്തോടെയല്ലാതെ ക്വാഡന് കേൾക്കാനാകില്ല. അതിനാൽ പക്രുവുമായുള്ള വിഡിയോ കോളിനായി ക്വാഡൻ കാത്തിരിക്കുകയാണ്. എന്നെങ്കിലും ഇന്ത്യയിലെത്തിയാൽ അദ്ദേഹത്തെ കാണും’- ക്വാഡൻ്റെ അമ്മ യരാഖ ബെയിൽസ് പറഞ്ഞു.
നേരത്തെ, ക്വാഡൻ്റെ അമ്മ പങ്കുവെച്ച വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് പക്രു 9 വയസ്സുകാരന് തൻ്റെ പിന്തുണ അറിയിച്ചത്. ക്വാഡനെപ്പോലെ ഒരിക്കൽ താനും കരഞ്ഞിട്ടുണ്ടെന്നും ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് എന്നും പക്രു കുറിച്ചു. നീ കരയുമ്പോൾ നിന്റെ അമ്മ തോൽക്കും എന്നും പക്രു ഫേസ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.
വീഡിയോയിൽ, തൻ്റെ കൂട്ടുകാർ കുള്ളനെന്നു വിളിച്ച് തന്നെ കളിയാക്കുകയാണെന്നാണ് ക്വാഡൻ കരഞ്ഞു കൊണ്ട് അമ്മയോട് പറഞ്ഞത്. ‘കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണമെ’ന്നും ക്വാഡൻ പറഞ്ഞു. തനിക്ക് ആത്മഹത്യ ചെയ്യണമെന്നും ക്വാഡൻ കരഞ്ഞു കൊണ്ട് വീഡിയോയിലൂടെ പറഞ്ഞിരുന്നു.
Story Highlights: quaden bayles thanks guinness pakru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here