മധ്യപ്രദേശ് വിശ്വാസ വോട്ടെടുപ്പ്; ബിജെപി എംഎൽഎമാരുടെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മധ്യപ്രദേശിൽ ഭരണപ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വിശ്വാസ വോട്ടെടുപ്പ് ഉടൻ നടത്തണമെന്ന ബിജെപി എംഎൽഎമാരുടെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കമൽനാഥ് സർക്കാർ ന്യൂനപക്ഷമായെന്ന് കോടതിയെ അറിയിക്കും. വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് ഗവർണർ ലാൽജി ടണ്ഠൻ മുഖ്യമന്ത്രി കമൽനാഥിനോട് നിർദേശിച്ചിരുന്നു.

കൊവിഡ് 19 സാഹചര്യം ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനം ഈ മാസം 26 ലേക്ക് മാറ്റിയതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ അടക്കം ബിജെപി എംഎൽഎമാർ സുപ്രിംകോടതിയെ സമീപിച്ചത്. വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും കുതിരക്കച്ചവടം അതിന്റെ പാരമ്യത്തിലാണെന്നും ബിജെപി എംഎൽഎമാർ ആരോപിച്ചു.

കമൽനാഥ് സർക്കാർ ന്യൂനപക്ഷമായെന്നും വിശ്വാസം തെളിയിക്കാതെ ഒളിച്ചുകളിക്കുകയാണെന്നും ശിവ് രാജ് സിംഗ് ചൗഹാൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അടിയന്തര പ്രാധാന്യത്തോടെ ഹർജി പരിഗണിക്കുന്നത്. വിമത കോൺഗ്രസ് എംഎൽഎമാരെ ഇന്നലെ നിയമസഭയിൽ എത്തിച്ചിരുന്നു. സഭാസമ്മേളനം മാറ്റിയതോടെ ബിജെപി എംഎൽഎമാർ ഗവർണർ ലാൽജി ടണ്ഠനെ നേരിൽ കണ്ട് ഉടൻ വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തിയില്ലെങ്കിൽ സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് കണക്കാക്കുമെന്ന നിലപാട് ഗവർണർ, മുഖ്യമന്ത്രി കമൽനാഥിനെ ഇന്നലെ അറിയിച്ചിരുന്നു.

story high light; supreme court, madhya pradesh MLA issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top