Advertisement

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ട റഷ്യന്‍ കമ്പനിക്കെതിരായ കേസ് പിന്‍വലിച്ചു

March 17, 2020
Google News 0 minutes Read

2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ട റഷ്യന്‍ കമ്പനിക്കെതിരായ കേസ് പിന്‍വലിച്ച് അമേരിക്കന്‍ നീതിന്യായ വകുപ്പ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുട്ടിന്റെ അടുത്ത സുഹൃത്തായ യെവ്ഗനി പ്രിഗോഴിന്റെ കമ്പനിയായ കോണ്‍കോര്‍ഡ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സള്‍ട്ടിംഗിനെതിരായ കേസാണ് പിന്‍വലിച്ചത്.

വിചാരണ ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കോണ്‍കോര്‍ഡ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സള്‍ട്ടിംഗിനെതിരായ കേസ് അമേരിക്കന്‍ നീതിന്യായ വകുപ്പ് പിന്‍വലിച്ചത്. റഷ്യന്‍ കമ്പനിയായ കോണ്‍കോര്‍ഡിന് അമേരിക്കയില്‍ സാന്നിധ്യമില്ലാത്തതിനാലും കുറ്റവാളികളാണെന്ന് കണ്ടെത്തിയാലും അര്‍ത്ഥപൂര്‍ണമായ ശിക്ഷ നല്‍കാന്‍ കഴിയില്ലെന്നതിനാലും കേസ് പിന്‍വലിക്കുകയാണെന്നാണ് നീതിന്യായ വകുപ്പിന്റെ വിശദീകരണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ കേസുമായി മുന്നോട്ടുപോകാനാകില്ലെന്ന സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാതെ നിവൃത്തിയില്ലെന്നും അമേരിക്കന്‍ നീതിന്യായ വകുപ്പ് വിശദീകരിക്കുന്നു.

2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിച്ച റോബര്‍ട്ട് മുള്ളര്‍, കോണ്‍കോര്‍ഡ് സാമ്പത്തിക സഹായം നല്‍കുന്ന ട്രോള്‍ ഫാക്ടറിയായ ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സിക്കെതിരെ കുറ്റം ചുമത്തിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ വഴി നിരന്തരം തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ചെന്നും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും മുള്ളര്‍ തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ സഹായിക്കാനും അദ്ദേഹത്തിന്റെ എതിരാളിയായ ഹിലരി ക്ലിന്റനെ താറടിക്കാനും കോണ്‍കോര്‍ഡ് നടത്തിയ നീക്കങ്ങള്‍ക്ക് ഭാഗികമായി മേല്‍നോട്ടം വഹിച്ചിരുന്നത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുട്ടിനാണെന്ന് യുഎസ് ഇന്റലിജന്‍സ് മേധാവികളും കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പിലെ ഇടപെടലുമായി ബന്ധപ്പെട്ട് കോണ്‍കോര്‍ഡ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് ഉള്‍പ്പടെയുള്ള മൂന്ന് കമ്പനികളെയും 25 വ്യക്തികളെയും വിചാരണയ്ക്ക് വിധേയമാക്കണമെന്നായിരുന്നു റോബര്‍ട്ട് മുള്ളര്‍ ശുപാര്‍ശ ചെയ്തിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here