ഒഡീഷയിലെ കൊവിഡ് 19 ബാധിതൻ 129 പേരുമായി നേരിട്ട് സമ്പർക്കം പുലർത്തിയെന്ന് സർക്കാർ; സംശയമെന്ന് ബന്ധുക്കൾ

ഒഡീഷയിലെ ആദ്യ കൊവിഡ് 19 രോഗി 129ൽ അധികം ആളുകളുമായി നേരിട്ട് സമ്പർക്കം പുലർത്തിയെന്ന് സംസ്ഥാന സർക്കാർ. ഡൽഹിയിൽ നിന്ന് ട്രെയിൻ യാത്രയ്ക്കിടയിലും കൂടാതെ ഭുവനേശ്വറിലും വച്ചാണ് 129ൽ അധികം ആളുകളുമായി കൊറോണ വൈറസ് ബാധിതൻ സമ്പർക്കത്തിൽ വന്നിട്ടുള്ളതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഒഡീഷയിൽ വച്ച് 53 പേരുമായും ട്രെയിൻ യാത്രയിൽ വച്ച് 76 പേരുമായും ഇയാൾ സമ്പർക്കം പുലർത്തി.
33 വയസ് പ്രായമുള്ള രോഗബാധിതൻ ഇറ്റലിയിലെ മിലാനോയിൽ ഗവേഷകനാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് കാപിറ്റൽ ഹോസ്പിറ്റലിൽ ഇയാളെ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയാണ് ഇയാൾക്ക് കൊവിഡ് 19 പോസിറ്റീവാണെന്ന പരിശോധനാ ഫലം പുറത്തുവന്നത്. ഇയാളുമായി സമ്പർക്കത്തിലെത്തിയ 53 പേരെ കണ്ടെത്തിക്കഴിഞ്ഞു. ഇതിൽ രോഗി സന്ദർശിച്ച സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറും ജീവനക്കാരും ഉൾപ്പെടും. ഇവരോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചിരിക്കുകയാണ്. സർക്കാർ ഇയാളോടൊപ്പം അതേ ട്രെയിൻ കോച്ചിൽ സഞ്ചരിച്ച 76 പേരെ കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ്. ഭുവനേശ്വരിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ എത്തിയത്. അടുത്ത ദിവസം തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടി. ഇയാൾ സന്ദർശിച്ച സ്വകാര്യ ക്ലിനിക്ക് അടച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ പരിശോധനാ ഫലത്തെക്കുറിച്ചുള്ള സംശയം രോഗിയുടെ ബന്ധുക്കൾ പ്രകടിപ്പിച്ചു. ‘അവർ എന്റെ സഹോദരന്റെ രക്തം പരിശോധിച്ചില്ല. തൊണ്ടയിലെയും മൂക്കിലേയും സ്രവങ്ങളാണ് പരിശോധനയ്ക്കായി എടുത്തത്. അതിനാൽ ഈ പരിശോധനാ ഫലത്തിൽ സംശയമുണ്ട്.’ രോഗ ബാധിതന്റെ സഹോദരി കാപിറ്റൽ ഹോസ്പിറ്റലിൽ വച്ച് പറഞ്ഞു. കൂടാതെ തന്റെ സഹോദരനോട് റിപ്പോർട്ട് നെഗറ്റീവാണെന്ന് ഡോക്ടർമാർ പറഞ്ഞതായും ഞായറാഴ്ച രാത്രി വീട്ടിൽ പോകാൻ നിർദേശിച്ചതായും അവർ അവകാശപ്പെട്ടു. തുടർന്ന് അർധരാത്രി ആയപ്പോൾ അവർ സഹോദരന് കൊവിഡ് 19 ആണെന്ന് പറഞ്ഞു. അതിനാലാണ് പരിശോധനാ ഫലത്തെ സംശയിക്കുന്നതെന്നും സഹോദരി വ്യക്തമാക്കി.
സംസ്ഥാന സർക്കാർ ഇതിനെക്കുറിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ല. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 114 പേർക്കാണ് ഇപ്പോൾ കൊറോണ വൈറസ് ബാധയുള്ളത്. ലഡാക്കിലും ജമ്മുകശ്മീരിലും കേരളത്തിലുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here