ഹാൻഡ് സാനിറ്റെെസറായി സ്പ്രേ ചെയ്തത് ഗോമൂത്രം; ഹോട്ടലിനെതിരെ പരാതി നൽകി എറണാകുളം ഡിസിസി സെക്രട്ടറി

ഹാൻഡ് സാനിറ്റൈസറിനു പകരം കയ്യിൽ ഗോമൂത്രം സ്പ്രേ ചെയ്ത ഹോട്ടലിനെതിരെ പരാതിയുമായി എറണാകുളം ഡിസിസി സെക്രട്ടറി രാജു പി നായർ. മുംബൈ ജുഹുവിയിലെ ഇസ്കോണിനു കീഴിലുള്ള ഹോട്ടലിനെതിരെയാണ് രാജു മുംബൈ പൊലീസിനു പരാതി നൽകിയത്. വിവരം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ അദ്ദേഹം അറിയിച്ചു.

തൻ്റെ അനുവാദമില്ലാതെ കയ്യിൽ ഗോമൂത്രം സ്പ്രേ ചെയ്യുകയായിരുന്നു എന്ന് രാജു പി നായർ പറയുന്നു. ഹോട്ടലിലെ സുരക്ഷാ ജീവനക്കാരാണ് ഗോമൂത്രം സ്പ്രേ ചെയ്തത്. കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് ശുദ്ധീകരണമെന്ന പേരിൽ ഗോമൂത്രം തളിക്കുകയായിരുന്നു എന്നാണ് വിഷയത്തിൽ ഹോട്ടൽ അധികൃതരുടെ വിശദീകരണം. സമ്മതമില്ലാതെയാണ് ഗോമൂത്രം സ്പ്രേ ചെയ്തത് എന്ന് ഹോട്ടൽ അധികൃതർ സമ്മതിച്ചിട്ടുണ്ട്. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറിന്‍റെ ലഭ്യതക്കുറവ് കാരണമാണ് ഗോമൂത്രം ഉപയോഗിച്ചതെന്നും മാര്‍ച്ച് 15 ന് മാത്രമാണ് ഇത് ഉപയോഗിച്ചതെന്നും അവര്‍ വ്യക്തമാക്കി.

Read Also: കൊവിഡ് 19 പ്രതിരോധിക്കാൻ ഗോമൂത്രം; അന്ധവിശ്വാസ പ്രചാരണങ്ങൾക്കെതിരെ അടിയന്തര പ്രമേയ നോട്ടീസുമായി ഹൈബി ഈഡൻ

“ശുദ്ധീകരിച്ച ഗോമൂത്രമാണ് ഉപയോഗിച്ചത്. അത് അണുനാശിനിയും ബാക്ടീരിയകളെ നശിപ്പിക്കാന്‍ കഴിയുന്നവയുമാണ്. സാനിറ്റൈസറിന്‍റെ ലഭ്യതക്കുറവുകൊണ്ട് ഒരു ദിവസം മാത്രമാണ് ഇത് ഉപയോഗിച്ചത്. റെസ്റ്ററന്‍റില്‍ ഞങ്ങള്‍ക്ക് ആല്‍കഹോള്‍ അടങ്ങിയ ഹാൻഡ് സാനിറ്റൈസര്‍ ഉണ്ടായിരുന്നു.” – ഇസ്കോണ്‍ വക്താവ് പാരിജാത പറഞ്ഞു.

നേരത്തെയും തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് രാജു ഗോമൂത്രം സ്പ്രേ ചെയ്ത വിവരം അറിയിച്ചത്.

”ഇന്ന് എന്‍റെ സുഹൃത്ത് എന്നെ ഇസ്കോണ്‍ ക്ഷേത്ര സമുച്ചയത്തിലെ ഗോവിന്ദ റെസ്റ്റോറന്‍റില്‍ കൊണ്ടുപോയി. അവിടെ ഞാന്‍ സുരക്ഷാ നടപടികളിലൂടെ കടന്നു പോവുകയായിരുന്നു. അപ്പോൾ സുരക്ഷാ ജീവനക്കാരന്‍ എന്നോട് കൈ കാണിക്കാന്‍ ആവശ്യപ്പെട്ടു. കൈ കാണിച്ചതും അവര്‍ എന്തോ ഒന്ന് കയ്യില്‍ തളിച്ചു. അതിന് ദുര്‍ഗന്ധമായിരുന്നു. ഇതോടെ അവരെ ചോദ്യം ചെയ്തപ്പോഴാണ് ഇത് ഗോമൂത്രമാണെന്ന് മനസ്സിലായത്. ”- രാജു പി നായര്‍ ട്വീറ്റ് ചെയ്തു.

നേരത്തെ, ഈ സംഭവം ചൂണ്ടിക്കാട്ടി അന്ധവിശ്വാസങ്ങൾക്കെതിരെ ഹൈബി ഈഡൻ എംപി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു.

 

coronavirus, cow urine used to avoid virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top