കൊവിഡ് 19; മൂന്ന് രാജ്യങ്ങളിൽ നിന്ന് കൂടി യാത്ര വിലക്കേർപ്പെടുത്തി ഇന്ത്യ

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കി ഇന്ത്യ. രാജ്യത്ത് രോഗം ബാധിച്ച് മൂന്ന് പേർ മരിക്കുകയും രോഗബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കടുത്ത യാത്രാ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി മൂന്നു വിദേശ രാജ്യങ്ങളിൽ നിന്ന് കൂടി ഇന്ത്യയിലേക്കുള്ള യാത്ര വിലക്കിയിരിക്കുകയാണ് സർക്കാർ.
അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ്, മലേഷ്യ എന്നീ രാജ്യങ്ങൾക്കാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 31 വരെയാണ് നിയന്ത്രണം. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ അടിയന്തരമായി നിർത്തണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം സർക്കുലർ പുറത്തിറക്കി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ബ്രിട്ടൻ, സ്വിറ്റ്‌സർലൻഡ്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള യാത്രകൾ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വിലക്കിയിരുന്നു. ബുധനാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതൽ (ജിഎംടി 12.00) ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് കേന്ദ്രസർക്കാർ നിർദേശം.
യുഎഇ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നോ മറ്റിടങ്ങളിൽ നിന്ന് ഈ രാജ്യങ്ങൾ വഴിയോ ഇന്ത്യയിലെത്തുന്നവർ നാട്ടിലെത്തിയാൽ 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ സ്വീകരിക്കണമെന്നും കർശന നിർദേശമുണ്ട്. ജനങ്ങളോട് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here