കൊവിഡ് 19: രാജ്യത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളും ദേശസാത്കരിച്ച് സ്‌പെയിൻ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളും ദേശസാത്കരിച്ച് സ്‌പെയിൻ. വൈറസ് ബാധ രൂക്ഷമായ സാഹചര്യത്തിൽ ടെസ്റ്റുകളുടെ ചെലവ് സാധാരണക്കാർക്ക് താങ്ങാൻ കഴിയാതാകുമെന്ന കണ്ടെത്തലിനെ തുടർന്നാണ് സ്പാനിഷ് സർക്കാർ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇറ്റലി കഴിഞ്ഞാൽ വൈറസ് ബാധ ഏറ്റവുമധികം രൂക്ഷമായ രാജ്യമായതുകൊണ്ട് തന്നെ ആരോഗ്യ സംവിധാനങ്ങൾ സർക്കാർ നിയന്ത്രണത്തിലാവണമെന്നതും ഇത്തരമൊരു തീരുമാനമെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു.

കൊവിഡ് 19നെ പ്രതിരോധിക്കാൻ പഴുതടച്ച സംവിധാനങ്ങൾ ഒരുക്കുന്ന കാഴ്ചയാണ് സ്‌പെയിനിൽ കാണാൻ കഴിയുന്നത്. നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥികൾ ആരോഗ്യ രംഗത്ത് സഹായവുമായി ഉണ്ടാവണമെന്ന് സ്‌പെയിൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾ ഉടൻ സർക്കാരുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

കൊവിഡ് 19 വൈറസ് ബാധ ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളിൽ പെട്ടതാണ് സ്‌പെയിൻ. സ്‌കൂളുകളും കോളജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. ലാ ലിഗ അടക്കം രാജ്യത്തെ കായിക മത്സരങ്ങളൊക്കെ നിർത്തിവച്ചു. മരുന്നോ ഭക്ഷണമോ പോലുള്ള അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് പൊതുജനങ്ങൾക്കുള്ള നിർദേശം. തലസ്ഥാനമായ മാഡ്രിഡിൽ റെസ്റ്റോറന്റുകളും ബാറുകളും കടകളുമൊക്കെ അടച്ചു. തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം 9191 കൊവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിൽ 309 പേർ മരണപ്പെട്ടു.

അതേസമയം, രോഗം ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 7,174 ആയി. 1,82,723 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 79,883 പേർ രോഗത്തെ അതിജീവിച്ചു. ഇറ്റലിയിൽ മാത്രം 2158 പേരാണ് മരിച്ചത്. 28,000 ഓളം പേർ ചികിത്സയിലുണ്ട്.

story highlights- coronavirus, spain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top