Advertisement

‘താരങ്ങൾ ഗിനിപ്പന്നികളാണോ?’; മത്സരങ്ങൾ നിർത്തിവക്കാൻ വൈകിയ ഇംഗ്ലീഷ് എഫ്എക്കെതിരെ വെയിൻ റൂണി

March 17, 2020
Google News 2 minutes Read

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മത്സരങ്ങൾ നിർത്തിവക്കാൻ വൈകിയ ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി സൂപ്പർ താരം വെയിൻ റൂണി. പ്രീമിയർ ലീഗ് സെക്കൻഡ് ടയറിൽ കളിക്കുന്ന ഡെർബി കൗണ്ടിയുടെ താരമായ റൂണി കടുത്ത ഭാഷയിലാണ് ഇംഗ്ലീഷ് എഫ്എയെ വിമർശിച്ചത്. താരങ്ങൾ ഗിനിപ്പന്നികളാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

‘താരങ്ങൾക്കും സപ്പോർട്ടിംഗ് സ്റ്റാഫിനും കുടുംബങ്ങൾക്കും ഇതൊരു ആശങ്ക നിറഞ്ഞ ആഴ്ചയായിരുന്നു. സർക്കാരിനും ഫുട്‌ബോൾ അസോസിയേഷനും പ്രീമിയർ ലീഗിനും നേതൃപാടവം ഇല്ലെന്ന് തോന്നി. ടെന്നിസ്, ഫോർമുല വൺ, റഗ്ബി, ഗോൾഫ്, മറ്റ് രാജ്യങ്ങളിലെ ഫുട്‌ബോൾ എന്നിവകളൊക്കെ അവസാനിപ്പിച്ചപ്പോഴും ഞങ്ങളോട് അവർ കളിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന പണവുമായി ഈ തീരുമാനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പല കളിക്കരും ചിന്തിച്ചു. എന്തുകൊണ്ട് വെള്ളിയാഴ്ച വരെ കാത്തു? ആഴ്‌സണൽ പരിശീലകൻ മൈക്കൽ ആർട്ടേറ്റക്ക് കൊവിഡ് 19 സ്ഥിരീകരിക്കുന്നത് വരെ എന്തിന് കാത്തു നിന്നു? തുടർന്ന് നടത്തിയ അടിയന്തിര യോഗത്തിൽ, ശരിയായ തീരുമാനം എടുത്തു. ഇംഗ്ലണ്ടിലെ ഫുട്‌ബോൾ താരങ്ങൾക്കൊക്കെ തങ്ങൾ പരീക്ഷണങ്ങൾക്കുപയോഗിക്കുന്ന ഗിനിപ്പന്നികളാണെന്ന് തോന്നിത്തുടങ്ങിയിരുന്നു.’ റൂണി പറഞ്ഞു.

‘ഞാൻ എങ്ങനെയാണെന്ന് എനിക്കറിയാം. സുരക്ഷിതമല്ലാത്ത സമയത്ത് കളിച്ചത് കാരണം ഞാൻ വഴി എന്റെ കുടുംബക്കാർക്ക് അസുഖം പകർന്നാൽ, അത് എന്നെ കൂടുതൽ രോഗിയാക്കും. പിന്നെ, എനിക്ക് കളിക്കാൻ കഴിയുമോ എന്ന് കണ്ടറിയണം. ഞാൻ അധികൃതർക്ക് ഒരിക്കലും മാപ്പ് നൽകില്ല. സീസൺ ദൈർഘ്യം കൂടിയാൽ സെപ്തംബർ വരെ കളിക്കാൻ ഞങ്ങൾ തയ്യാറാണ്. അത് ഞങ്ങളുടെ ജോലിയാണ്. ഞങ്ങളും കാണികളും ചുറ്റുപാടും സുരക്ഷിതമായിരിക്കുന്നിടത്തോളം ഞങ്ങൾ കളിക്കും.’ റൂണി പറഞ്ഞു.

14ആം തിയതിയാണ് പ്രീമിയർ ലീഗ് മാറ്റിവക്കുന്നതായി അധികാരികൾ അറിയിച്ചത്. ഇറ്റാലിയൻ ലീഗ് നേരത്തെ മാറ്റിവച്ചിരുന്നു. സ്പാനിഷ് ലീഗ്, ചാമ്പ്യൻസ് ലീഗ് തുടങ്ങിയ എല്ലാ ഫുട്‌ബോൾ ലീഗുകളും മാറ്റിവച്ചിരിക്കുകയാണ്.

Story Highlights- wayne rooney claims footballers treated like guinea pigs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here